
തൃശൂർ: തൃശൂർ ചൂണ്ടലിൽ ഓടുന്ന കാറിന് തീപിടിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം കാറിലുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വൈകുന്നേരമാണ് സംഭവമുണ്ടായത്.
രാത്രി 7.15 ടെയാണ് പഴുന്നാന ചൂണ്ടൽ റോഡിൽവെച്ച് കാർ കത്തിയത്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ് ഇയോൺ കാറാണ് കത്തി നശിച്ചത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് കാർ നിർത്തുകയായിരുന്നു. ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തിയമരുകയായിരുന്നു. കുന്നംകുളത്ത് നിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
കാർ കത്തി അപകടമുണ്ടാവുന്നത് കേരളത്തിൽ തുടർക്കഥയാവുകയാണ്. കഴിഞ്ഞയാഴ്ച്ച കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി വാഹന ഉടമ മരിച്ചിരുന്നു. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. 57 വയസായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് സാബുവിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു പിറ്റേന്നാണ് മരിച്ചത്.
തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം?
കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ പ്രൊഫസറും ചെന്നൈ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനന്‍സ് ചെയ്യാത്തതാണ് പലപ്പോഴും കാറുകള്‍ക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു.
കാറുകളില്‍ റെഗുലര്‍ മെയിന്റന്‍സ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയില്‍ ലെവല്‍ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ പിടിക്കാന്‍ സാധ്യതയുണ്ട്.