
ഹരിപ്പാട്: വീയപുരത്ത് ഭീമൻ ആൽമരം കടപുഴകി. ആറോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഏഴ് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് കടപ്രാ ലിങ്ക് ഹൈവേയിൽ വീയപുരം ടെലഫോൺ എക്സ്ചേഞ്ചിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ റോഡായിരുന്നെങ്കിലും പുലർച്ചെയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സമീപത്ത് ക്ഷേത്രം, ത്രിവേണി മാർക്കറ്റ്, ഹോട്ടൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ നിലനിൽക്കുന്ന സ്ഥലമായിരുന്നു. റോഡിലേക്ക് ചാഞ്ഞ് നിന്ന മരം വീണതോടെ സമീപത്തെ ഏഴോളം വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി ലൈൻ പൊട്ടിവീഴുകയും ചെയ്തു. വൈദ്യുതി ലൈനുകൾ ഷോർട്ടായി ഫീഡർ ഓഫായാതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
ഹരിപ്പാട് തകഴി എന്നിവിടങ്ങളിൽ നിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സും, ഫോറസ്റ്റ്, പൊതുമരാമത്ത്, വൈദ്യുതി ഉദ്യോഗസ്ഥന്മാരും, വീയപുരം പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി മരം മുറിച്ചു മാറ്റിയും വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്തും ഏഴ് മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വീയപുരത്ത് പാതയോരത്ത് അപകട സാധ്യതയുള്ള ആറ് മരങ്ങൾ വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് വീയപുരം ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി കഴിഞ്ഞ മാർച്ചിൽ ജില്ലാ കളക്ടർക്കും പൊതുമരാമത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടാതെ അസി. ഫോറസ്റ്റ് കൺസർവേറ്റർക്കും രണ്ട് ഘട്ടങ്ങളിലായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മരങ്ങൾക്ക് ഫോറസ്റ്റ് വില നിശ്ചയിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam