ഇങ്ങനെയുണ്ടാകുമോ ഭാഗ്യം! ട്രെയിനില്‍ നിന്ന് വീണുപോയ ആഭരണം ദിവസങ്ങൾക്ക് ശേഷം തിരിച്ചുകിട്ടി

By Web TeamFirst Published Jan 6, 2022, 2:49 PM IST
Highlights

ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ കൈ പുറത്തേക്കിട്ട് കളിക്കുമ്പോള്‍ കൈ വലിച്ചതിനിടയിലാണ് വള ഊരിത്തെറിച്ചുപോയത്. 

കുറ്റിപ്പുറം: തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്ക് തെറിച്ചുപോയ വള മൂന്നാംദിവസം തിരിച്ചു കിട്ടി. റെയില്‍വേ ട്രാക്കിലെ കരിങ്കല്‍ കഷണങ്ങള്‍ക്കിടയില്‍നിന്നാണ് വള കിട്ടിയത്. കോട്ടയം മാന്നാനം ക്രിക്കറ്റ് അക്കാദമിയിലെ പരിശീലക ജിനി ജോമോന്റെ മൂന്നുവയസ്സുള്ള മകള്‍ ഐലിന്‍ എല്‍സ ജോമോന്റെ വളയാണ് ഡിസംബര്‍ 31ന് കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കുള്ള തീവണ്ടി യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്.

ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ കൈ പുറത്തേക്കിട്ട് കളിക്കുമ്പോള്‍ കൈ വലിച്ചതിനിടയിലാണ് വള ഊരിത്തെറിച്ചുപോയത്. തിരൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍വെച്ചാണ് വള നഷ്ടമായത്. വണ്ടി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജിനി ജോമോന്‍ മകളുടെ വള നഷ്ടപ്പെട്ട വിവരം അവിടെയുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചു. ആര്‍ പി എഫിന് പരാതിയും നല്‍കി. 

ആര്‍ പി എഫ് ഉടന്‍ വിവരം കുറ്റിപ്പുറം, തിരൂര്‍ സ്റ്റേഷനുകളിലെ ട്രാക്ക്മാന്‍മാരെ അറിയിച്ചു. ജനുവരി ഒന്നിന് ട്രാക്ക്മാന്‍മാര്‍ ട്രാക്കിന്റെ പരിസരങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് രാവിലെ എട്ടിന് കുറ്റിപ്പുറത്തിനും ചെമ്പിക്കലിനും ഇടയില്‍ ട്രാക്ക് പരിശോധന നടത്തുന്നതിനിടെയാണ് ട്രാക്ക്മാന്‍ സുധീഷ് വള കണ്ടത്. വള കിട്ടിയ വിവരം ഉടനെ ആര്‍ പി എഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ ജിനി ജോമോനെ വിവരമറിയിച്ചു. തുടര്‍ന്ന് സുധീഷ് വള ഉടമസ്ഥന് കൈമാറുകയായിരുന്നു.

click me!