ആ കൊച്ചുകുട്ടിയുടെ പ്രിയപ്പെട്ട വസ്തു തിരിച്ചുകിട്ടി;  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി

By Web TeamFirst Published Nov 16, 2021, 3:49 PM IST
Highlights

ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ സങ്കടങ്ങള്‍ക്കൊടുവില്‍, കോഴിക്കോട്ടെ ഒരു ഓട്ടോറിക്ഷയില്‍ കളഞ്ഞുപോയ തന്റെ തന്റെ പ്രിയപ്പെട്ട വസ്തു ആ പത്തു വയസ്സുകാരന് തിരിച്ചുകിട്ടി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയിലൂടെ ഇക്കാര്യം അറിഞ്ഞാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍ ആഷിഖ് തന്റെ ഓട്ടോയില്‍നിന്നും കിട്ടിയ ബാഗ് ഇന്ന് വൈകിട്ട്, ഉടമയ്ക്ക് എത്തിച്ചു കൊടുത്തത്. 

ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ സങ്കടങ്ങള്‍ക്കൊടുവില്‍, കോഴിക്കോട്ടെ ഒരു ഓട്ടോറിക്ഷയില്‍ കളഞ്ഞുപോയ തന്റെ തന്റെ പ്രിയപ്പെട്ട വസ്തു ആ പത്തു വയസ്സുകാരന് തിരിച്ചുകിട്ടി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയിലൂടെ ഇക്കാര്യം അറിഞ്ഞാണ് കോഴിക്കോട്ടെ കെ എല്‍ 11 എ വൈ 9257 എന്ന ഓട്ടോയുടെ ഡ്രൈവര്‍ ആഷിഖ് തന്റെ ഓട്ടോയില്‍നിന്നും കിട്ടിയ ബാഗ് ഇന്ന് വൈകിട്ട്, ഉടമയ്ക്ക് എത്തിച്ചു കൊടുത്തത്. 

കോഴിക്കോട് നടക്കാവിലെ ക്രസന്റ് പ്ലാറ്റിനം ഫ്‌ലാറ്റില്‍ താമസിക്കുന്ന ഡോ. ഷാനു ഷൈജലിന്റെ മകനായ ഹൈസം സെനിത് എന്ന പത്തു വയസ്സുകാരന്റെ പ്രിയപ്പെട്ട ഒരു വസ്തു ഓട്ടോയില്‍ വെച്ച് നഷ്ടപ്പെട്ടതായാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്. ഇപ്പോള്‍ ചാത്തമംഗലത്തിനടുത്തുള്ള വീട്ടില്‍ കഴിയുന്ന കുട്ടിക്ക് നല്‍കാനായി, അവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നും അവന്റെ പ്രിയപ്പെട്ട വസ്തു അടങ്ങിയ ബാഗ്, കുടുംബ സുഹൃത്തായ മുഹമ്മദ് ഷാലിജ് കൊണ്ടുവരുമ്പോഴാണ് ഓട്ടോ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. 

പത്തുവയസ്സുകാരന് ഏറെ അടുപ്പമുണ്ടായിരുന്ന ആ വസ്തു നഷ്ടപ്പെട്ട വിവരം തുടര്‍ന്ന് ഷാലിജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് നടി മാല പാര്‍വതി അടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തു.

 

 

ഇതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ്, 'കോഴിക്കോട്ടെ ആ ഓട്ടോ ഡ്രൈവര്‍ അറിയാന്‍, ഒരു കൊച്ചു കുട്ടിയുടെ പ്രിയപ്പെട്ട വസ്തു അതിലുണ്ട്' എന്ന തലക്കെട്ടില്‍ നവംബര്‍ 13-ന് രാത്രി ഒമ്പതു മണിക്ക് വാര്‍ത്ത നല്‍കിയത്. വാര്‍ത്തയ്‌ക്കൊപ്പം ഷാലിജിന്റെ ഫോണ്‍ നമ്പര്‍ കൂടെയുണ്ടായിരുന്നു. 

 

 

ഇന്ന് രാവിലെ ആ ബാഗ് മറന്നുവെച്ച ഓട്ടോയിലെ ഡ്രൈവര്‍ ആഷിഖ് ഷാലിജിനെ വിളിച്ച് ബാഗ് തന്റെ കൈയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. െവെകിട്ട് നാലു മണിയോടെ ആ ബാഗ് ആഷിഖ് ഹൈസം സെനിത്തിനെ ഏല്‍പ്പിച്ചു. 

േഫസ്ബുക്കില്‍ ആളുകള്‍ ഷെയര്‍ ചെയ്തതൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഓട്ടോഡ്രൈവര്‍ ആഷിഖ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത കണ്ടാണ് ഈ വിവരമറിഞ്ഞത്. യാത്രക്കാരന്‍ ഇറങ്ങിപ്പോയ ശേഷം വീണ്ടും മൂന്ന്, നാല് പേര്‍ ഓട്ടോയില്‍ കയറിയിരുന്നു. അതിന് ശേഷമാണ് ആ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതാരുടേതാണെന്ന് മനസ്സിലായില്ല. ആളുകളെ ഇറക്കിവിട്ടിടത്തെല്ലാം പോയി നോക്കിയെങ്കിലും ആരെയും കാണാന്‍ സാധിച്ചിച്ചില്ല. ആ ബാഗിനു പിന്നിലുള്ള കഥ അറിഞ്ഞതോടെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ആ ബാഗിന്റെ  ഉടമയെ കണ്ടെത്താനായതിലുള്ള സന്തോഷത്തിലാണ് ആഷിഖ്. 

 

 

ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞ് ഏറെ സങ്കടപ്പെട്ടതായി കുട്ടിയുടെ അമ്മ ഡോ. ഷാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മകന് അത്രയും പ്രിയപ്പെട്ട ഒരു വസ്തുവായിരുന്നു ആ ബാഗില്‍. വൈകാരികമായി അവനേറെ അടുപ്പമുണ്ടായിരുന്നു അതിനോട്. അത് നഷ്ടപ്പെട്ട വിവരം അവനോട് എങ്ങനെ പറയുമെന്നായിരുന്നു സംശയം. വിദേശത്തുനിന്നും വാങ്ങിയതാകയാല്‍ ഇവിടെ അതു വാങ്ങാനും കിട്ടില്ലായിരുന്നു. അങ്ങനെയാണ്, സോഷ്യല്‍ മീഡിയയിലൂടെ അത് കണ്ടെത്താന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ ഓട്ടോക്കാരുടെ സത്യസന്ധത അറിയുന്നതിനാല്‍ അത് കിട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെന്‍ വാര്‍ത്തയിലൂടെ അത് വേണ്ട ആളിലെത്തിയതോടെ മകനോട് വിവരം പറഞ്ഞു. അവനും ആകെ സന്തോഷത്തിലായതായി ഡോ. ഷാനു പറഞ്ഞു. 

ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കാവിലെ ഫ്‌ളാറ്റിനടുത്തു വെച്ച് ബാഗ് ആഷിഖ് കുട്ടിയെ ഏല്‍പ്പിച്ചു. അവനേറെ സന്തോഷവാനായിരുന്നതായി ആഷിഖ് പറഞ്ഞു. 

click me!