ദുരിതമൊഴിയാതെ വടക്കേ വയനാട്

By Web TeamFirst Published Aug 10, 2018, 10:35 AM IST
Highlights

പേര്യ, പാല്‍ചുരം, കുറ്റിയാടി ചുരം എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വള്ളിയൂര്‍ക്കാവ്, ചുട്ടക്കടവ്, പാണ്ടിക്കടവ്, ചാമാടിപ്പൊയില്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയതിനാല്‍ ഗതാഗത തടസ്സപ്പെട്ടു കിടക്കുന്നു. ഈ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 

വയനാട്: രണ്ട് ദിവസമായി രാവും പകലും ഇടമുറിയാതെയുള്ള പെയ്ത്തില്‍ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് മാനന്തവാടി താലൂക്ക് ഉള്‍പ്പെടുന്ന വടക്കെ വയനാട്. മരം കടപുഴകി വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ട്മാണ് മാന്തവാടിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത്.  

പേര്യ, പാല്‍ചുരം, കുറ്റിയാടി ചുരം എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വള്ളിയൂര്‍ക്കാവ്, ചുട്ടക്കടവ്, പാണ്ടിക്കടവ്, ചാമാടിപ്പൊയില്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയതിനാല്‍ ഗതാഗത തടസ്സപ്പെട്ടു കിടക്കുന്നു. ഈ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 

വീടിന് പുറകിലെ മതിലിടിഞ്ഞ് വീണ് പത്ത് വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. വെള്ളമുണ്ട എട്ടേനാല്‍ പാടാരി കാപ്പ് വാസുവിന്‍റെയും ലീലയുടെയും മകള്‍ രമ്യക്കാണ് ഗുരുതരമായി പരിക്കേറ്റത്. മാതാവിനോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. അടുപ്പിലെ തീയും ചൂട് വെള്ളവും വീണ് ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ  രമ്യയെ  ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ലീല അത്ഭുഭുതകരമായി രക്ഷപ്പെട്ടു. 

മണ്ണിടിഞ്ഞ് വീണ് മാനന്തവാടി ജില്ലാശുപത്രി ജീവനക്കാരന്‍ ചെന്നലായി ജോസിന്‍റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചെറ്റപ്പാലം വരടിമൂല റോഡ് രണ്ടായി പിളര്‍ന്നു. റോഡ് വീണ്ടും ഇടിഞ്ഞാല്‍ സമീപത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയാകും. വെള്ളം കയറി ഒറ്റപ്പെട്ട കുഴി നിലം അഗതിമന്ദിരത്തിലെ അന്തേവാസികളെയും, പാണ്ടിക്കടവ് ചാമാടി പൊയില്‍ ട്രൈബല്‍ വനിതാ ഹോസ്റ്റലിലെ 31 വിദ്യാര്‍ത്ഥിനികളെയും നാട്ടുകാരും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി സുരക്ഷിത കേന്ത്രങ്ങളിലേക്ക് മാറ്റി. 

ചാമാടി പൊയില്‍ റോഡിലെ കാലി ചന്ത, മൈനര്‍ ഇറിഗേഷന്‍ ഓഫീസ്, വായനശാല എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. മരവും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞ് വീണതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഗതാഗത തടസ്സത്തിന് പുറമെ വൈദ്യുതി ബന്ധവും പൂര്‍ണ്ണമായി നിലച്ചു. വെള്ളമുണ്ട മംഗലശ്ശേരി മലയില്‍ നിന്ന് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൃഷിയിടങ്ങള്‍ ഒലിച്ച് പോയി. പുളിഞ്ഞാല്‍ പെരിങ്ങളം മലയിലും ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. 

മൊതക്കര പാലം വെള്ളത്തിനടിയിലായി. 2007 ന് ശേഷം വള്ളിയൂര്‍ക്കാവില്‍ ഇത്രയധികം വെള്ളമുയര്‍ന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നേവി സംഘം ഹെലികോപ്ടറില്‍ എത്തുമെന്ന് അറിയിച്ചിന്നുവെങ്കിലും സ്‌കൂള്‍ മൈതാനത്ത് വെള്ളം നിറഞ്ഞതിനാല്‍ നേവി സംഘത്തിന് ഇറങ്ങാനായില്ല. ജില്ലാ ആശുപത്രിയില്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി സുപ്രണ്ട് ഡോ: വി. ജിതേഷ് അറിയിച്ചു. ചുരങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് റഫറല്‍ കേസുകള്‍ ഉള്‍പ്പെടെ ചികിസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

click me!