കാലവർഷത്തിൽ മൂന്നാറിലെ ആറോളം മേഖലകൾ അപകട ഭീഷണിയിലെന്ന് പഞ്ചായത്ത് സെക്രട്ടറി

By Web TeamFirst Published Jun 17, 2021, 3:26 PM IST
Highlights

സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ചെറുകോളനികളിൽ സാധരണക്കരാണ് ഏറെയും. കാലവർഷമെത്തുന്നതോടെ പലരും ജീവന് സംരക്ഷണം തേടി സർക്കാരിൻ്റ ക്യാമ്പുകളിൽ അഭയം തേടുന്നു...

ഇടുക്കി: പെട്ടിമുടി ദുരന്തമുഖത്തുനിന്ന് കരകയറിയിട്ടില്ലാത്ത മൂന്നാറിലെ മലഞ്ചെരുവുകളിൽ ഇപ്പോഴും അപകടം പതിയിരിക്കുകയാണ്. തോട്ടം തൊഴിലാളികൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കമ്പനിയും സർക്കാരും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ചെറുകോളനികളിൽ സാധരണക്കരാണ് ഏറെയും. കാലവർഷമെത്തുന്നതോടെ പലരും ജീവന് സംരക്ഷണം തേടി സർക്കാരിൻ്റ ക്യാമ്പുകളിൽ അഭയം തേടുന്നു. 

മറ്റു ചിലർക്കാവട്ടെ വീട് വിട്ട് മറ്റെവിടേക്കും മാറാൻ കഴിയുന്നില്ല. മൂന്നാർ പഞ്ചായത്തിൻ്റെ കിഴിലുള്ള വാഗുവാ രൈ - ലക്കം കോളനിയിൽ ഒരു ലയത്തിലെ ഏഴോളം വീടുകൾ കഴിഞ്ഞ പെട്ടിമുടി ദുരന്ത സമയത്താണ് അപകടത്തിലായത്. പെട്ടിമുടി മലയുടെ എതിർഭാഗത്തായി സ്ഥിതി ചെയ്യുന്ന വീടുകളിൽ നിന്ന് അധികൃതർ തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴ മാറിയതോടെ അവർ വീടുകളിൽ മടങ്ങിയെത്തി. 

മൂന്നാർ - ദേവികുളം റോഡിലെ ബോട്ടാനിക്ക് ഗാർഡന് സമീപത്തെ മലയാണ് മറ്റൊരു അപകടമേഖല. ഇവിടുത്തെ ഗവൺമെൻറ് കോളേജടക്കം 2008 ലെ മഴക്കാലത്ത് തകർന്നിരുന്നു. അന്തോണിയാർ കോളനി, നല്ലതണ്ണിയുടെ ഒരു ഭാഗം എന്നിവിടങ്ങളിലെ അവസ്ഥയും മറിച്ചല്ല. ഇത്തരം മേഖലയിൽ നിന്നും മഴ ശക്തമാകുന്നതോടെ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ പറയുന്നു

click me!