ഇടുക്കിയിൽ ഭീതിയുണർത്തി വീണ്ടും കാട്ടാന; അരിക്കൊമ്പന്റെ ആക്രമണത്തിൽ റേഷൻകടയും വീടും തകർന്നു; പ്രതിഷേധം

By Web TeamFirst Published Jan 27, 2023, 1:05 PM IST
Highlights

ഏതാനും ദിവസങ്ങള്‍ക്കിടെ നാലാം തവണയാണ് അരികൊമ്പന്‍ ഇതേ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. കാട്ടാന ആക്രമണം പതിവായതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം. ബിഎല്‍ റാമില്‍ വീടും പന്നിയാറില്‍ റേഷന്‍ കടയും തകര്‍ത്തു. കഴിഞ്ഞ ദിവസം, കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ ശക്തി വേല്‍ കൊല്ലപെട്ടിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്, നാട്ടുകാര്‍ ബോഡിമെട്ടിന് സമീപം ദേശീയ പാത ഉപരോധിച്ചു. 

ഏതാനും നാളുകളായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ കാട്ടാന ആക്രമണം അതിരൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബിഎല്‍റാം സ്വദേശി, കുന്നില്‍ ബെന്നിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ബെന്നിയും ഭാര്യയും അത്ഭുതകരമായാണ് രക്ഷപെട്ടത്. പരുക്കേറ്റ ബെന്നി ചികിത്സയിലാണ്. വീട് ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍, ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. 

Read More: ഇടുക്കിയിൽ ഒറ്റയാന്‍റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇതോടെ ഇവിടെ നിന്നും പിന്‍വാങ്ങിയ ആന, പന്നിയാര്‍ ഭാഗത്തേയ്ക്ക് എത്തുകയും റേഷന്‍കട തകര്‍ക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കിടെ നാലാം തവണയാണ് അരികൊമ്പന്‍ ഇതേ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. കാട്ടാന ആക്രമണം പതിവായതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം, പന്നിയാറില്‍ ഫോറസ്റ്റ് വാച്ചര്‍, ആനയുടെ ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. 

ഇതേ തുടര്‍ന്ന്, നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് വീണ്ടും ദേശീയ പാത ഉപരോധിച്ച്, നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.  അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം പൂര്‍ണ്ണമായും തടസപെട്ടു. സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍ക്കുന്ന രീതി അവസാനിപ്പിച്ച് കാട്ടാനകളെ തുരത്താനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. \

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്. അപകടകാരികളായ അരികൊമ്പന്‍, ചില്ലികൊമ്പന്‍, ചക്കകൊമ്പന്‍ എന്നീ ആനകളെ മേഖലയില്‍ നിന്നും മാറ്റാന്‍ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഫെന്‍സിംഗ് ഒരുക്കി,കാട്ടാന കൂട്ടങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് തടയുവാനും ഇടപെടല്‍ ഉണ്ടാവണം. 

click me!