
ഇടുക്കി: വിറക് ശേഖരിക്കുന്നതിനിടെ കാലിൽ കോടാലി കൊണ്ട് വെട്ടേറ്റ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കാൽപാദത്തിൽ മുറിവേറ്റ് രക്തം വാർന്ന് ദീർഘനേരം കാട്ടിൽ തന്നെ കിടക്കേണ്ടി വന്നതിനെ തുടർന്നായിരുന്നു മരണമെന്നാണ് പ്രഥമികനിഗമനം. പള്ളിവാസൽ ഫാക്ടറി ഡിവിഷൻ സ്വദേശിയായ രാമര്‍ ( 62 ) ആണ് മരിച്ചത്.
കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ പള്ളിവാസലിനും മൂന്നാറിനും ഇടയ്ക്കുള്ള പുലിപാറയിലാണ് സംഭവം. ബുധനാഴ്ച രാവിലെ എട്ടു മണിയ്ക്കാണ് പള്ളിവാസൽ വൈദ്യുത പദ്ധതിയുടെ ഭാഗമായ ടണൽ സുരക്ഷാ ജീവനക്കാരനായ രാമര്‍ വിറക് ശേഖരിക്കാൻ പോയത്. വിറക് ശേഖരിക്കുന്നതിനിടെ അബദ്ധത്തിൽ കോടാലി കാൽപാദത്തിന് മുകളിൽ പതിയ്ക്കുകയായിരുന്നു. മുറിവേറ്റ കാലിൽ രാമര്‍ തന്നെ തുണി ചുറ്റിയ ശേഷം കുന്നിന്‍ ചെരിവിൽ നിന്നും പ്രധാന പാതയിലേയ്ക്ക് ഇറങ്ങി വരുന്നതിനിടെയാണ് മരണമെന്ന് കരുതുന്നു.
മരണം സംഭവിച്ച സ്ഥലത്തു നിന്നും പ്രധാന പാതയിലേക്ക് പതിനഞ്ച് മീറ്റർ ദൂരം മാത്രമാണുണ്ടായിരുന്നത്. മുറിവേറ്റ ശേഷം പ്രഥമ ശുശ്രൂഷകൾ നൽകുന്നതിനോ ആശുപത്രിയിൽ എത്തിക്കുന്നതിനും ആരും കൂടെയില്ലാതിരുന്നത് ജീവൻ നഷ്ടമാകാനിടയായി. ടണലിലെ രാത്രി കാവലിനു ശേഷം രാവിലെ വീട്ടിൽ വന്നതിനു ശേഷമാണ് വിറക് ശേഖരിക്കാൻ കാട്ടിലേയ്ക്ക് പോയത്. സ്ഥലത്തെത്തിയ മൂന്നാർ പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. അന്നമരിയ ആണ് ഭാര്യ. മക്കൾ: രാജ് മോഹൻ, റെജീന, ജാൻസി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam