
കോഴിക്കോട്: 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്ന അധ്യാപകന് വേറിട്ട യാത്രയയപ്പൊരുക്കി വിദ്യാർഥികൾ. മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗം അധ്യാപകൻ എം.സി വസിഷ്ഠിനാണ് വ്യത്യസ്തമായ യാത്രയയപ്പ് ഒരുക്കുന്നത്. അദ്ദേഹത്തിന് ആദരവർപ്പിച്ച് 'മലബാറിന്റെ ചരിത്രവും പുതു ചരിത്ര രചനകളും' എന്ന വിഷയത്തിൽ സെമിനാറുകൾ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ മൂന്ന് സെഷനുകളിലായി നടക്കുന്ന സെമിനാറിൽ വിഷയാവതരണത്തിനെത്തുന്നതും അദ്ദേഹം പഠിപ്പിച്ച വിദ്യാർഥികൾ തന്നെയാണ്. കാലടി ശ്രീശങ്കരാചാര്യ ചരിത്രവിഭാഗം മേധാവി ഡോ.കെ.എം ഷീബ, മദ്‌റാസ് ഐ.ഐ.ടി ഹ്യുമാനിറ്റീസ് സോഷ്യൽ സയൻസ് വിഭാഗം അസി.പ്രൊഫസർ ഡോ.സന്തോഷ് അബ്രഹാം, കാലടി സർവകലാശാല ചരിത്രവിഭാഗം അസി.പ്രൊഫസർ ഡോ.അഭിലാഷ് മലയിൽ എന്നിവരാണ് സെഷനുകളിൽ പ്രബന്ധം അവതരിപ്പിക്കുക.
ശനിയാഴ്ച പൂർവ വിദ്യാർഥി സംഗമവും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ടി.പി സുബിന്റെ 'മലബാർ സമര സ്മൃതികളുടെ ഹൃദയരേഖകൾ' എന്ന പുസ്തക പ്രകാശനവും നടക്കും. പി.ജി വിദ്യാർഥികൾ അദ്ദേഹത്തിന്റെ അധ്യാപക ജീവിതം അവതരിപ്പിക്കുന്ന വീഡിയോ ദൃശ്യവും ചടങ്ങിൽ പ്രകാശിപ്പിക്കും. ഇതിനു പുറമെ സംസ്ഥാന പുരാരേഖ വകുപ്പിന്റെ സഹകരണത്തോടെ 23ന് വ്യാഴാഴ്ച വസിഷ്ഠിന് ആദരമർപ്പിച്ച് ചരിത്ര പ്രദർശനവും നടത്തും.
1996 മുതലാണ് എം.സി വസിഷ്ഠ് മലബാർ ക്രിസ്ത്യൻ കോളജിൽ ചരിത്രാധ്യാപകനായി എത്തിയത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികൾക്കൊപ്പം നിന്ന് പ്രവർത്തിച്ച മാഷ് ഇതിനോടകം തന്നെ നിരവധി പ്രദർശനങ്ങൾ നടത്തി ശ്രദ്ധ നേടിയിരുന്നു. ചരിത്രകാരൻ കൂടിയായിരുന്ന പ്രൊഫ. എം.പി ശ്രീധരന്റെ മകനാണ്. ഭാര്യ നീമ. മകൻ വിനായക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam