
വണ്ടാനം: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് സെൻററിന് സമീപം തീപടർന്നു. ഡോക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ അഗ്നിബാധ ഒഴിവായി. വ്യാഴാഴ്ച ( 16.8.2018) രാവിലെ 8:30-ഓടെയായിരുന്നു സംഭവം. ഡയാലിസിസ് സെന്‍ററിനു സമീപത്തെ സ്റ്റോർ മുറിയിലെ ട്യൂബ് ലൈറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമായത്.
ഈ സമയം ഡയാലിസിസിനായി എത്തിയ 20-ഓളം രോഗികൾക്ക് പുറമെ ഡോക്ടർമാർ, നേഴ്സുമാർ ഉൾപ്പടെ 30 ഓളം പേർ മുറിയിലും രോഗികൾക്കൊപ്പമെത്തിയ ബന്ധുക്കൾ പുറത്തുമുണ്ടായിരുന്നു. വയറിങ് വഴി തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പി ജി ഡോ.പ്രദീപ് ഈ സമയം മുറിയിൽ സ്ഥാപിച്ചിരുന്ന അഗ്നിശമനോപകരണം പ്രവർത്തിപ്പിച്ച് തീയണക്കുകയായിരുന്നു.
തീയും പുകയും ഉയരുന്നതുകണ്ട് സമീത്തെ വാർഡുകളിൽ നിന്ന് ഡോക്ടർമാരും രോഗികളുടെ ബന്ധുക്കളും, എയ്ഡ് പോസ്റ്റ് പൊലീസും ഓടിയെത്തി. സംഭവമറിഞ്ഞ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ വി രാംലാലും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പിന്നീട് അര മണിക്കൂറിന് ശേഷം ഡയാലിസിസ് പുനരാരംഭിച്ചു.