
ആലപ്പുഴ: രണ്ടര വർഷം മുൻപ് ഗാന്ധിഭവന്‍ സംരക്ഷണം നല്‍കിയ അമ്മയെ ഏക മകനെത്തി തിരികെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ അദാലത്ത് ഉത്തരവ് പ്രകാരം 2019 ൽ ചെറുതന ഗാന്ധിഭവൻ സ്നേഹവീട് സംരക്ഷണം നൽകിയ കുമാരപുരം എരിക്കാവ് കണ്ടത്തിൽ കിഴക്കതിൽ അമ്മിണി (73)ആണ് മകൻ മധുവിന്റെ വരവും കാത്ത് ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കി കഴിഞ്ഞിരുന്നത്.
മകൻ വേണ്ട പരിചരണം നൽകുന്നില്ലെന്നും ഗാന്ധിഭവനിൽ പോകണം എന്നും കാണിച്ചു അമ്മിണി ഹരിപ്പാട് കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോടതിയിൽ നടന്ന അദാലത്തിൽ മകൻ അമ്മയെ സംരക്ഷിക്കുന്നതിൽ താല്പര്യം കാണിക്കാതെ വന്നപ്പോൾ കോടതി ഉത്തരവ് പ്രകാരം ഗാന്ധിഭവൻ സംരക്ഷണം ഏറ്റെടുത്തു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആഞ്ജിയോ പ്ലാസ്റ്റി ചികിത്സയും നടത്തി.
തന്റെ കുടുംബത്തെക്കാളും സ്നേഹവും കരുതലും സ്നേഹവീട്ടിൽ നിന്ന് ലഭിച്ചെന്ന് അമ്മിണി നിറകണ്ണുകളോടെ പറഞ്ഞു. പത്ത് മാസം നൊന്ത് പ്രസവിച്ച മകനോട് ഒരു പരാതിയുമില്ല. എന്നോട് എന്ത് കാട്ടിയാലും അവനോട് സ്നേഹം മാത്രമേ ഉള്ളു എന്ന് അമ്മിണി കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടര വർഷമായി തന്റെ മകൻ മനസ്സ് മാറി കൂട്ടികൊണ്ട് പോകും എന്ന പ്രാർത്ഥനയിൽ ആയിരുന്നു. ഇപ്പോള്‍ ആ പ്രാർത്ഥന ഫലം കണ്ട സന്തോഷത്തിലാണ് അമ്മിണി. ഗാന്ധിഭവൻ കുടുംബാംഗങ്ങളും അമ്മിണിയെ പിരിയുന്ന വേദനയിലാണ്. സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ നിയമ നടപടികൾ പൂർത്തിയാക്കി അമ്മിണിയെ മധുവിന്റെ കയ്യിൽ ഏൽപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam