കാലാവസ്ഥ പ്രതികൂലം; നീര്‍ക്കുന്നത്ത് അടിഞ്ഞ ഡോക് നീക്കം ചെയ്യാനായില്ല

web desk |  
Published : Jul 27, 2018, 07:08 AM ISTUpdated : Oct 02, 2018, 04:19 AM IST
കാലാവസ്ഥ പ്രതികൂലം; നീര്‍ക്കുന്നത്ത് അടിഞ്ഞ ഡോക് നീക്കം ചെയ്യാനായില്ല

Synopsis

നീര്‍ക്കുന്നം​ തീരത്തടിഞ്ഞ ഡോക്ക് നീക്കം ചെയ്യാനായില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമവും പരാജയപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച  (16.7.2018) ന്  രാവിലെ 8 മണിയോടെയാണ് അബുദാബിയിലെ അല്‍ ഫത്താന്‍ കപ്പല്‍ കമ്പനിയുടെ അധീനതയിലുള്ള ഡോക്ക് നീര്‍ക്കുന്നം തീരത്തടിഞ്ഞത്.

അമ്പലപ്പുഴ : നീര്‍ക്കുന്നം തീരത്തടിഞ്ഞ ഡോക്ക് നീക്കം ചെയ്യാനായില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമവും പരാജയപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച  (16.7.2018) ന്  രാവിലെ 8 മണിയോടെയാണ് അബുദാബിയിലെ അല്‍ ഫത്താന്‍ കപ്പല്‍ കമ്പനിയുടെ അധീനതയിലുള്ള ഡോക്ക് നീര്‍ക്കുന്നം തീരത്തടിഞ്ഞത്. കൊളംബോയില്‍ നിന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി അബുദാബിയിലേക്ക് കൊണ്ട് പോവുകയായിരുന്ന കൂറ്റന്‍ ആഡംബര ബോട്ടും ഒരു സ്പീപീഡ് ബോട്ടും ബാര്‍ജുമാണ് ഡോക്കിലുണ്ടായിരുന്നത്. 

ടഗ്ഗുമായി ഡോക്കില്‍ ഘടിപ്പിച്ചിരുന്ന ഭീമന്‍ വടം പൊട്ടിയതിനെ തുടര്‍ന്നാണ് ഡോക്ക് തീരത്തടിഞ്ഞത്. ഇത് പുറംകടലില്‍ എത്തിക്കുന്നതിന് കൊല്ലത്ത് നിന്ന് ടഗ്ഗ് ബുധനാഴ്ച നീര്‍ക്കുന്നം കടലിലെത്തിച്ചിരുന്നു. ഇതിനാവശ്യമായ കൂറ്റന്‍ വടവും ചെന്നൈയില്‍ നിന്ന് ഇന്ന് എത്തിച്ചു. ഒപ്പം പകല്‍ 11 ഓടെ കൊല്ലത്ത് നിന്ന് 3 ഫിഷിംഗ് ബോട്ടുകളും അധികൃതര്‍ ഡോക്കിന് സമീപം എത്തിച്ചു. 

ട്രോളിംഗ് നിരോധനമായതിനാല്‍ കൊല്ലം, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുടെ പ്രത്യേക അനുമതിയോടെയാണ് ഫിഷിംഗ് ബോട്ടുകള്‍ എത്തിച്ചത്. ഡോക്കില്‍ വടം ബന്ധിപ്പിച്ച് ടഗ്ഗിന് സമീപത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വൈകിട്ട് 4.30 ഓടെ വീശിയടിച്ച ശക്തമായ കാറ്റും മഴയും മൂലമാണ് ഈ ശ്രമം വിഫലമായത്. 

ടഗ്ഗും ഡോക്കുമായി ബന്ധിപ്പിക്കുന്നതിന് 440 മീറ്റര്‍ നീളമുള്ള വടമാണ് ചെന്നെയില്‍ നിന്ന് എത്തിച്ചത്. എന്നാല്‍ ഇവ തമ്മില്‍ 800 മീറ്ററോളം അകലമാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഫിഷിംഗ് ബോട്ടില്‍ വടം ബന്ധിച്ച് ഡോക്ക് ടഗ്ഗുമായി അടുപ്പിക്കാന്‍ ശ്രമിച്ചത്. ഈ ശ്രമത്തിനിടെ ഒരു ഫിഷിംഗ് ബോട്ടില്‍ ഘടിപ്പിച്ചിരുന്ന വടം പൊട്ടിയത് ഡോക്ക് നീക്കം ചെയ്യാന്‍ തടസമായി. 

വൈകീട്ടോടെ മഴയും കാറ്റും ശക്തമായതിനാല്‍ ഇത് പുറംകടലില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ടഗ്ഗിലുണ്ടായിരുന്ന അല്‍ ഫത്താന്‍ കമ്പനി ജീവനക്കാരും ഇന്ത്യോനേഷ്യന്‍ സ്വദേശികളായ ഏഴുപേര്‍ക്ക് പുറമെ കൊല്ലത്ത് നിന്നുള്ള ഫിഷിംഗ് ബോട്ടിലെ തൊഴിലാളികളും നീര്‍ക്കുന്നം സ്വദേശികളുമായി 50 ഓളം പേരാണ് ഡോക്ക് പുറംകടലിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. 

കപ്പല്‍ ക്യാപ്റ്റന്മാരായ രാകേഷ്, സന്തോഷ് കുമാര്‍, പോര്‍ട്ട് ഓഫീസര്‍ ഹരിവാര്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് (27.7.2018)  രാവിലെ തന്നെ ഡോക്ക് നീക്കം ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുറം കടലിലെത്തിക്കുന്ന ഡോക്ക് കൊല്ലത്തെത്തിച്ച് പിന്നീട്  അവിടെ നിന്ന് കൊച്ചിയിലെത്തിച്ച് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അബുദാബിയിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്നും അധികൃതര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം
ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം