ശബരിമലദര്‍ശനത്തിനെത്തിയ യുവതിയേയും കുടുംബത്തേയും കോടതിയില്‍ ഹാജരാക്കി; സുരക്ഷ തുടരുന്നു

By Web TeamFirst Published Nov 6, 2018, 8:14 PM IST
Highlights

ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഭിലാഷിന്റെ വീട്ടിലേയ്ക്ക് നാമജപ യാത്ര നടത്തിയിരുന്നു .ഈ സാഹചര്യത്തില്‍ അഞ്ജുവിന്റെയും അഭിലാഷിന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ തുടരുകയാണ്

ചേര്‍ത്തല: ശബരിമലദര്‍ശനത്തിന് പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനിയായ യുവതിയേയും കുടുംബത്തേയും നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡ് അരീപ്പറമ്പ് ആഞ്ഞിലിക്കാപ്പള്ളി വിജിത്ത്(അഭിലാഷ്),ഭാര്യ അഞ്ജു,എന്നിവരേയും രണ്ടു മക്കളെയുമാണ് രാമങ്കരി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിലാഷും കുടുംബവും സമീപത്തെ ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ പുറപ്പെട്ടത്. ഏറേ നേരമായിട്ടും കാണാതാകുകയും മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ അഞ്ജുവിന്റെ അമ്മ അര്‍ത്തുങ്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെന്ന വാര്‍ത്ത കുടുംബാംഗങ്ങടക്കം അറിഞ്ഞത്.

പിന്നാലെ അര്‍ത്തുങ്കല്‍ പൊലീസ് ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചു. രാത്രിയോടെ ബന്ധുക്കളുമൊത്ത് പമ്പയിലെത്തിയ പൊലീസ് അഭിലാഷിനേയും കുടുംബത്തേയും പുലര്‍ച്ചെ അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരിക്കിയത്. ഇതിനിടെ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അഭിലാഷിന്റെ വീട്ടിലേയ്ക്ക് നാമജപ യാത്ര നടത്തിയിരുന്നു .ഈ സാഹചര്യത്തില്‍ അഞ്ജുവിന്റെയും അഭിലാഷിന്റെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ തുടരുകയാണ്.

click me!