
കണ്ണൂർ: പയ്യന്നൂരിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിയേറ്റർ നിർമാണം നീളുന്നു. 2020ൽ തറക്കല്ലിട്ടെങ്കിലും കിഫ്ബി ഫണ്ട് കൈമാറുന്നതിലെ തടസ്സമാണ് നിർമാണം നിലയ്ക്കാൻ കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ കെ ബാലൻ തറക്കല്ലിട്ട പദ്ധതിയാണ് ഇപ്പോൾ കാടുപിടിക്കുന്നത്.
ആറു മാസം കൊണ്ട് പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞ തിയേറ്റർ മൂന്നു വർഷങ്ങൾക്കിപ്പുറവും എവിടെയുമെത്തിയില്ല. 11 കോടിയോളം രൂപയുടെ പദ്ധതി. തുടക്കം മുതലേ തന്നെ കല്ലുകടിയുണ്ടായിരുന്നു. നഗരസഭ 30 വർഷത്തേക്ക് പാട്ടത്തിനു നൽകിയതാണ് ഭൂമി. ചതുപ്പ് നിലം തരം മാറ്റലായിരുന്നു ആദ്യ കടമ്പ. അത് കടന്നു. സ്ഥലം കെഎസ്എഫ്ഡിസിയുടെ പേരിൽ അല്ലാത്തതുകൊണ്ട് ഈട് നൽകാനായില്ല. കിഫ്ബിക്ക് ഫണ്ട് കൈമാറുന്നതിനു തടസ്സമായി. ഇതോടെ നിർമാണം നിലച്ചു.
എന്നാൽ തടസ്സങ്ങളില്ലെന്നാണ് നഗരസഭ പറയുന്നത്. 95 ശതമാനം പണിയും പൂർത്തിയായെന്നും വിഷു റിലീസ് ഉണ്ടാവുമെന്നുമാണ് ഉറപ്പ്. സംസ്ഥാനത്ത് 100 തിയേറ്ററുകൾ നിർമിക്കാനുള്ള പദ്ധതിയിൽപ്പെട്ടതാണ് പയ്യന്നൂരിലേതും. കണ്ണൂരിൽ സ്ഥലം ഏറ്റെടുത്ത പരിയാരത്ത് നിർമാണം തുടങ്ങിയിട്ടില്ല.