പൂരപ്പറമ്പുകളെ ആവേശത്തിലാറാടിക്കാനൊരുങ്ങി തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍

By Web TeamFirst Published Mar 4, 2020, 9:12 AM IST
Highlights

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഉത്സവത്തിന് തിടമ്പേറ്റാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിലക്ക് വന്നത്.

തൃശൂര്‍: മലയാളികളുടെ ഹരവും വിശ്വാസവും വികാരവുമൊക്കെയായ ഒരു വിഷയമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കാനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ വിലക്ക് നീങ്ങി. തിടമ്പേറ്റാനുള്ള ഒരുക്കങ്ങളില്‍ സജീവമായി ആന കമ്പക്കാരുടെ രാമന്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഉത്സവത്തിന് തിടമ്പേറ്റാന്‍ ഒരുങ്ങുന്നത്. 

കേരളത്തിലെ തന്നെ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഫേസ്ബുക്ക് അക്കൗണ്ടും നിരവധി ഫാന്‍സ് ഗ്രൂപ്പുകളുമുള്ള ആനയാണ് ഈ ഗജവീരൻ. ആന കമ്പക്കാരുടെ ആവേശമായ ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളത്തിന് ഏർപ്പെടുത്തിയ വിലക്ക് കർശന ഉപാധികളോടെയാണ് നീക്കിയിരിക്കുന്നത്. 

"

തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാനാണ് അനുമതി. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനമായത്. മുഴുവൻ സമയം എലിഫെൻറ് സ്ക്വാഡും വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിൽസയും തുടരണമെന്നും വ്യവസ്ഥ‍യിലുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിലക്ക് വന്നത്.

പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്‍റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി

കർശന വ്യവസ്ഥകള്‍ ഇങ്ങനെ:

ആനയുടെ എഴുന്നള്ളിപ്പ് പൂർണമായും മോണിറ്ററിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. നാല് പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പ് വരുത്തിയിരിക്കണം. ആനയുടെ എഴുന്നള്ളിപ്പ് സംബന്ധിച്ച ഷെഡ്യൂൾ തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ മുൻകൂട്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. എഴുന്നളളിപ്പിനിടയിൽ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.

ആനയെ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുമ്പോൾ സ്വീകരണ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടില്ല. ആനയുടെ സുരക്ഷ മുൻനിർത്തി എഴുന്നള്ളിക്കുന്ന പ്രദേശത്തെ ഡി എഫ് ഒ, വെറ്റിനറി ഡോക്ടർ എന്നിവരേയും വിവരാമറിയിക്കണം. മേൽപറഞ്ഞ തീരുമാനങ്ങൾ അംഗീകരിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം കളക്ടർക്ക് മുൻപാകെ അഫിഡഫിറ്റ് നൽകണം.

click me!