
തൃശൂര്‍: പ്രളയബാധിതരെ സഹായിക്കാന്‍ ഉത്സവ കേരളത്തിന്‍റെ ചക്രവര്‍ത്തിയായ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് അനേകായിരം ആരാധകരുള്ള ഈ കൊമ്പന്‍റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. അടുത്ത ദിവസം തൃശൂരില്‍ വച്ച് മന്ത്രി എ.സി മൊയ്തീന് തുക തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹികള്‍ കൈമാറും.
ദേവസ്വം തീരുമാനം തെച്ചിക്കോട്ടുകാവ് കൊമ്പന്‍റെ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാണിത്. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനക്കാരനും.
സാങ്കേതികത്വം ഉന്നയിച്ച് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള വന്യമൃഗ സംരക്ഷണ വകുപ്പിന്‍റെ ഉത്തരവ് ഏറെ വിവാദമായിരുന്നു. കോടതി ഇടപെടലിലൂടെയാണ് പിന്നീട് എഴുന്നള്ളിപ്പിന് അനുമതിയായത്. 2014-ലെ കോടതി വിധിക്ക് ശേഷം ആദ്യം തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് ക്ഷേത്രം ഉത്സവത്തിന് രാമചന്ദ്രനെ കാണാന്‍ അനേകായിരങ്ങളെത്തിയത് രാജ്യാന്തര വാര്‍ത്തയുമായി. പതിവ് തെറ്റിക്കാതെ ആ വര്‍ഷം തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് തെക്കേഗോപുരനട തള്ളിതുറന്നെത്തിയ തെച്ചിക്കോട്ടുകാവിന് വീരോചിതമായ വരവേല്‍പ്പായിരുന്നു ആരാധകരും പൂരപ്രേമികളും നല്‍കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam