
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രാത്രിയിൽ വൻ മോഷണം. ഓഫിസ് കെട്ടിടത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളും മേശകളും കുത്തിത്തുറന്ന് പരിശോധന നടത്തി. പ്രധാന ഓഫീസിൽനിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഓഫിസ് അങ്കണത്തിൽ പ്രവർത്തിക്കുന്ന ഘടകസ്ഥാപനങ്ങളിൽനിന്ന് 15,000 രൂപ കവർന്നു.
രാവിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസിലെ മേശകളിൽ ചിലത് താക്കോൽ ഉപയോഗിച്ചും ചിലത് കുത്തിത്തുറന്നുമാണ് മോഷ്ടാക്കൾ പരിശോധന നടത്തിയത്.
ഓഫിസ് അങ്കണത്തിലുള്ള കാന്റീന്റെ മേശ കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയും കറിപൗഡർ നിർമാണ യൂണിറ്റിലെ മേശ പൊളിച്ച് പതിനായിരത്തോളം രൂപയുമാണ് മോഷ്ടിച്ചത്. രേഖകൾ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിലേ വ്യക്തമാകൂ എന്ന് പ്രസിഡന്റ് സി അനു, വൈസ് പ്രസിഡന്റ് സിബി കറ്റാനം, സെക്രട്ടറി സി വി അജയകുമാർ എന്നിവർ പറഞ്ഞു.
വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിലെ സിസിടിവി കാമറയുടെ ഡിവിആർ, ഹാർഡ് ഡിസ്ക് എന്നിവയും മോഷ്ടാക്കൾ ഇളക്കിക്കൊണ്ടുപോയിട്ടുണ്ട്. പരിസരത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam