
മാന്നാർ: ചെന്നിത്തലയിൽ പ്രവാസി മലയാളിയുടെ വീട് കുത്തിത്തുറന്ന് 25 പവനോളം സ്വർണാഭരണങ്ങളും ലാപ്ടോപ്പും വിദേശ കറൻസിയും ഉൾപ്പെടെ 40 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു. ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാർഡ് പണിക്കരോടത്ത് ജംഗ്ഷന് കിഴക്ക് വലിയവീട്ടിൽ ഷാരോൺ വില്ലയിൽ വി ഒ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുകെയിലായിരുന്ന ജോസും ഭാര്യ ഏലിയാമ്മ ജോസും രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇരുവരും വ്യാഴാഴ്ച തുമ്പമണ്ണിലുള്ള ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം. വീടിന്റെ സിറ്റൗട്ടിലെ ഗ്രില്ലിന്റെ പൂട്ട് അറുത്തുമാറ്റി പ്രധാന വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര ലോക്കർ തകർത്താണ് 25 പവനോളം സ്വർണാഭരണങ്ങൾ, സ്വർണനാണയം, ഐപാഡ്, ലാപ്ടോപ്പ്, വാച്ച്, 30,000 രൂപയോളം മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവ കവർന്നത്.
വെള്ളിയാഴ്ച രാവിലെ 6.30ന് ലൈറ്റ് അണയ്ക്കാൻ എത്തിയ അയൽവാസിയാണ് ഗ്രില്ലും വാതിലും തുറന്നുകിടക്കുന്നത് കണ്ടത്. പാസ്പോർട്ടും മറ്റ് രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
മാന്നാർ എസ്എച്ച്ഒ ഡി രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണംപിടിച്ച് വീടിനുള്ളിൽനിന്ന് റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ - മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. മോഷ്ടാക്കൾ വാഹനത്തിൽ കടന്നുകളഞ്ഞതായാണ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam