
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണവും 25,000 രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജ (63) യുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ഗിരിജ പതിവായി സമീപത്തെ കുടുംബ വീട്ടിലാണ് രാത്രി ഉറങ്ങാറുള്ളത്. രാവിലെ വന്നു നോക്കിയപ്പോഴാണ് പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്ന നിലയിൽ കണ്ടു.
വാതിൽ പൊളിച്ച് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 4 പവൻ സ്വർണാഭരണവും 25,000 രൂപയും കവർന്നാണ് മോഷ്ടാവ് മടങ്ങിയത്. ലോൺ അടയ്ക്കാനായി സൂക്ഷിച്ച പണമായിരുന്നെന്ന് ഗിരിജ പറഞ്ഞു. പതിവായി വിഴിഞ്ഞം തുറമുഖത്ത് നിന്നും നിർമാണ പ്രവർത്തനങ്ങളുടെ ശബ്ദം കേൾക്കാം. അന്ന് രാത്രിയിലും ശബ്‍ദം കേട്ടെങ്കിലും തുറമുഖ കമ്പനിയുടെ നിർമ്മാണ പ്രവർത്തികളെന്നാണ് വിചാരിച്ചത്. എന്നാൽ രാവിലെയാണ് മോഷണം ആയിരുന്നെന്ന് മനസിലായത്. വിഴിഞ്ഞം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. സമീപത്തെ സിസിടിവി ഉൾപ്പടെ പരിശോധിക്കുകയാണ് പൊലീസ്. ഈ വീടിന് സമീപമുള്ള വീടുകളിലും മോഷണ ശ്രമം നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam