
ഹരിപ്പാട്: വീടു കുത്തിതുറന്ന് മോഷണശ്രമം. കാർത്തികപ്പള്ളി കാവിൽ പടിക്കൽ ക്ഷേത്രത്തിനു സമീപം ചിങ്ങോലി പുന്നക്കുളങ്ങരയിൽ അന്നമ്മ മാത്യുവിന്റെ അടച്ചിട്ടിരുന്ന ഇരുനില വീട്ടിലാണ് മോഷണശ്രമം നടന്നത്. അന്നമ്മ മാത്യു മക്കളോടൊപ്പം ഭോപ്പാലിലാണ് താമസിക്കുന്നത്. ഏഴുവർഷമായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന ആൾ എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച് അകത്ത് കടന്നതായി കാണുന്നത്. പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീടിനുളളിൽ കയറിയത്. ഇരുനിലകളിലെയും മുറികൾ കുത്തിത്തുറന്ന് സാധനസാമഗ്രികൾ എല്ലാം വാരി താഴെയിട്ട് നിലയിലാണ്. കുത്തിത്തുറക്കാൻ ഉപയോഗിച്ച പാരയും വെട്ടുകത്തികളും പ്ലെയറും താഴത്തെ മുറിയുടെ സമീപത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരീലക്കുളങ്ങര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, സെപ്റ്റംബർ 23 -ന് ഹർത്താൽ ദിനത്തിൽ മോഷണം നടത്തി ഒളിവിൽ പോയ പ്രതി ദേവികുളം പൊലീസിൻ്റെ പിടിയിലായി. രാജാക്കാട് പെരിപ്പുറം കര, നെടുമ്പന ക്കുടിയിൽ എൻ റ്റി രാജൻ (42) ആണ് പിടിയിലായത്. മൂന്നാർ ലാക്കാട് ഭാഗത്ത് ഗ്രീൻവർത്ത് ഇൻഫോസ്ട്രക്ചർ കമ്പനിയുടെ പൂട്ടി കിടന്ന സ്റ്റോർ യാഡിൽ നിന്നും രണ്ടു ലക്ഷം രൂപയുടെ ഇരുമ്പു സാമഗ്രികളും സ്പെയർ പാട്ട്സുകളും മോഷ്‌ടിച്ചുകടത്തിയ കേസിലെ പ്രതികളിൽ ഒരാളാണ് രാജൻ.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ വച്ച് വാഹന പരിശോധനക്കിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് ആണ് മോഷണ വസ്തുക്കൾ പിടികൂടിയത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുരേഷ്, ബെന്നി എന്നിവരെ പിടികൂടിയെങ്കിലും രാജൻ സമീപത്തുള്ള വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് ദേവികുളം പൊലിസിൻ്റെ അനേഷണത്തിൻ ഇയാളെ ചെകുത്താൻ മൂക്കിൽ വച്ച് പിടികൂടുകയായിരുന്നു.
ദേവികുളം ഇൻസ്പെക്ടർ എസ്.ശിവലാൽ, എസ്ഐ എംഎൻ സുരേഷ്, നിസാർ. പി പി, അനീഷ് പികെ, അനൂപ്, അബ്ബാസ്, സ്മിതാ മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam