ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

By Web TeamFirst Published Apr 27, 2024, 7:50 AM IST
Highlights

മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലും മോഷണ ശ്രമമുണ്ടായി. വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും മോഷ്ടാക്കള്‍ക്ക് ഒന്നു ലഭിച്ചിട്ടില്ല.

കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മംഗല്‍പ്പാടിയിലും മോഷണ ശ്രമവും ഉണ്ടായി. ആളില്ലാത്ത വീട് നോക്കിയാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മോഷണം തുടരുന്നത്. വാതില്‍ പൊളിച്ചോ, കുത്തി തുറന്നോ ആണ് കള്ളന്മാര‍് അകത്ത് കയറുന്നത്. 

സ്വര്‍ണ്ണവും പണവും കവര്‍ന്ന് രക്ഷപ്പെടുന്നവരെ പിടികൂടാനുള്ള പൊലീസ് ശ്രമം പക്ഷേ ഫലം കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും മറ്റുമായി പൊലീസ് ഉദ്യോഗസ്ഥര്‍ തിരക്കിലായതോടെ കള്ളന്മാര്‍ക്ക് പുറകേ പോകാന്‍ സമയമില്ലാത്തതും കാരണം. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില് പ്രവാസിയായ ബദറുല്‍ മുനീറിന്‍റെ വീട് കുത്തി തുറന്ന് അഞ്ച് പവന്‍ സ്വര്‍ണ്ണവും 35,000 രൂപയുമാണ് കള്ളന്മാർ കൊണ്ട് പോയത്. തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രന്‍റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവര്‍ന്നതും ഒരാഴ്ചക്കുള്ളിലാണ്.

നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിൽ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളും കവർന്നത്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലും മോഷണ ശ്രമമുണ്ടായി. വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും മോഷ്ടാക്കള്‍ക്ക് ഒന്നു ലഭിച്ചിട്ടില്ല. സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് അടക്കമുള്ളവര്‍ ഈ സ്ഥലങ്ങളിലെല്ലാം എത്തി പരിശോധന നടത്തിയിരുന്നു. വീട് അടച്ചിട്ട് ദിവസങ്ങള്‍ മാറിത്താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്. 

Read More :  സമാനതകളേറെ, പക്ഷേ കോതമംഗലത്തെ സാറാമ്മയെ കൊന്നത് അലക്സും കവിതയുമല്ല; പിന്നെ ആര് ? വലവിരിച്ച് പൊലീസ്

click me!