ആറ് വയസുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി മാതാപിതാക്കള്‍

By Web TeamFirst Published Sep 19, 2019, 9:27 PM IST
Highlights

ആറ് വയസുകാരന്റെ മരണം ചികിത്സാ പിഴവെന്ന് പരാതിയുമായി മാതാപിതാക്കൾ.

ഹരിപ്പാട്: ആറ് വയസുകാരന്റെ മരണം ചികിത്സാ പിഴവെന്ന് പരാതിയുമായി മാതാപിതാക്കൾ. മുട്ടം വലിയ കുഴി വൈഷ്ണണവം ചേരാത്ത് പടീറ്റതിൽ വീട്ടിൽ മനോജ്കുമാറിന്റെയും വിഷ്ണുപ്രിയയുടെയും മകൻ അനുരാഗാണ് ഓഗസ്റ്റ് 25 ന് രാത്രി ഒമ്പതിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പനി ബാധിച്ച കുട്ടിയെ 24 ന് വൈകിട്ട് അഞ്ചിന് ഡോ. രാധാകൃഷ്ണന്റെ ഉടമസ്ഥതയിൽ ഏവൂരിൽ പ്രവർത്തിച്ചു വരുന്ന ശ്രീകൃഷ്ണാ നഴ്സിംസിംഗ് ഹോമിൽ കാണിക്കുകയും പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഇൻജക്ഷൻ നല്‍കുകയും വീട്ടിൽ ചെന്ന് കഴിക്കുവാനുള്ള ഗുളികകൾ നല്‍കുകയും ചെയ്തു. 

വീട്ടിൽ വന്ന് മാതാപിതാക്കൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്നുകൾ നല്‍കുകയും ചെയ്തു. തുടർന്ന് ഉറങ്ങിയ കുട്ടി പുലർച്ചെ നാലിന് ഞെട്ടി ഉണർന്ന് നിലവിളിച്ചു, നോക്കിയപ്പോള്‍ ദേഹമാസകലം നീരുവന്നു വീർക്കുകയും സന്ധികൾക്ക് വേദനയുള്ളതായും മനസിലായി. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. 

തുടർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ചികിത്സയിലും പരിശോധനയിലും കുഞ്ഞിന്റെ ഹൃദയം, കിഡ്നി, കരൾ എന്നിവയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായി തടസപ്പെട്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അറിയിച്ചു. 

അന്ന് രാത്രി ഒമ്പത് മണിയോടു കൂടി കുട്ടി മരണപ്പെട്ടു. ഡോക്ടർ രാധാകൃഷ്ണന് ചികിത്സ നടത്തുന്നതിന് മതിയായ യോഗ്യത ഇല്ലെന്നും ഇദ്ദേഹത്തിന്റെ ഡിഗ്രികൾ വ്യാജമാണെന്നും നഴ്സിംഗ് സ്റ്റാഫിനും മതിയായ യോഗ്യതകൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

അലോപ്പതി ചികിത്സ നടത്തുവാനുള്ള അധികാരപത്രമില്ലാതെയാണ് ചികിത്സ നടത്തിയിട്ടുളളത്, ചികിത്സയിലെ പിഴവ് മൂലമാണ് കുട്ടി മരിച്ചിട്ടുള്ളതെന്നും, ആവശ്യമായ അന്വേഷണം നടത്തി ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപെട്ടു. ഇത് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് വിഷ്ണുപ്രിയ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡി എം ഒ എന്നിവർക്ക് പരാതി നല്‍കി.

click me!