കുപ്രസിദ്ധ മോഷ്ടാവ് ആല്‍ബിന്‍രാജിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസ്

By Web TeamFirst Published Feb 13, 2019, 10:24 PM IST
Highlights

തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആല്‍ബിന്‍രാജിന്‍റെ പേരില്‍ 35 മോഷണക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു

ചാരുംമൂട് : വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തര്‍ സംസ്ഥാന മോഷ്ട്ടാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം കാട്ടാക്കട പെരുങ്കുളം പൂവച്ചല്‍ പറക്കാണിമേക്കിന്‍കര വീട്ടില്‍ ആല്‍ബിന്‍രാജ് (ഷൈജു-33) ആണ് കുറത്തികാട് പൊലീസിന്റെ പിടിയിലായത്.

പൊലീസിനെ ആക്രമിച്ച് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ വലയിലാക്കുകയായിരുന്നു. ജനുവരി 23ന് കറ്റാനം  സാരംഗി വീട്ടില്‍ ഐശ്വര്യ പ്രഭയുടെ വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് നാലര പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചത് ആല്‍ബിന്‍രാജാണ്.  

ഫെബ്രുവരി എട്ടിന് കറ്റാനം ഇല്ലത്ത് ബംഗ്ലാവില്‍ വിശ്വനാഥന്റെ വീടിന്റെ അടുക്കളയിലെ ചിമ്മിനിയുടെ ഭാഗം ഇളക്കി കയര്‍ കെട്ടി ഇറങ്ങിയശേഷം അലമാര കുത്തിത്തുറന്ന് 13 പവന്‍ ആഭരണങ്ങളും 4,000 രൂപ അപഹരിച്ചതും ഇയാളാണെന്ന് കണ്ടെത്തിയതായി ചെങ്ങന്നൂര്‍ ഡിവൈ എസ് പി അനീഷ് വി കോര പറഞ്ഞു.

ഫെബ്രുവരി  ഒമ്പതിന് കുറത്തികാട് പള്ളിക്കല്‍ പുതുപ്പറമ്പില്‍ രാജുവിന്റെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന്  അയ്യായിരം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന  രേഖകളും ഇയാള്‍ അപഹരിച്ചു. തുടര്‍ന്ന് മറ്റൊരു വീട് കേന്ദ്രീകരിച്ച് മോഷണം നടത്താന്‍ സ്‌കൂട്ടറില്‍ എത്തിയപ്പോഴാണ് തെക്കേക്കര ഉമ്പര്‍നാട് അഞ്ചാഞ്ഞിലിമൂടിന് സമീപം വെച്ച് പ്രതി പിടിയിലായത്.

സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും ഇയാളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം രാത്രിയില്‍ മഫ്തിയില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. മോഷ്ട്ടിച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ ചിലത് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പുനലൂരില്‍ നിന്ന് മോഷ്ട്ടിച്ചതാണന്നും കണ്ടെത്തി.

സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മോഷ്ട്ടിക്കാന്‍ കൊണ്ടുനടക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെഞ്ഞാറുംമൂടില്‍  നിന്ന് ഒരു സ്‌കൂട്ടര്‍ മോഷ്ട്ടിച്ച ഇയാള്‍ അത് പുനലൂരില്‍ ഉപേക്ഷിച്ച ശേഷമാണ് മറ്റൊരു സ്‌കൂട്ടര്‍ ഇവിടെനിന്നും മോഷ്ട്ടിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 35 മോഷണക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലും ഇയാളുടെ പേരില്‍ നിരവധിക്കേസുകള്‍ നിലവിലുണ്ട്. മൂന്നരക്കിലോ കഞ്ചാവുമായി നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി റിമാന്‍ഡിലായ ഇയാള്‍ 2018 ഒക്ടോബര്‍ 24ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുകയായിരുന്നു. 

click me!