
ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പട്ടാപ്പകൽ കയറിയ കള്ളൻ കമ്മൽ പറിച്ചെടുത്തു. വലതുചെവിയുടെ കീഴ്ഭാഗം മുറിഞ്ഞ സ്ത്രീയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കോമന കണ്ടഞ്ചേരിയിൽ വീട്ടിൽ ഗൗരിയമ്മ (84)യാണു കവർച്ചയ്ക്കിരയായത്. ഇന്നലെ വൈകുന്നേമായിരുന്നു സംഭവം.
മുറിക്കുള്ളിൽ കയറിയ കള്ളൻ ഗൗരിയമ്മയുടെ മുഖം പൊത്തിപ്പിടിച്ച് ഒരു കമ്മൽ ഊരിയെടുത്തു. രണ്ടാമത്തെ കാതിലേത് ഊരിയെടുക്കാൻ കഴിയാഞ്ഞതോടെയാണ് ബലം പ്രയോഗിച്ച് വലിച്ചുപറിച്ചത്. ഇതിനുശേഷം വീടിനുപിന്നിലെ മതിൽചാടി രക്ഷപ്പെട്ടു. ചോരയൊലിക്കുന്ന നിലയിൽ ഗൗരിയമ്മ സമീപത്തെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. അയൽവാസികൾചേർന്ന് ഇവരെ അമ്പലപ്പുഴയിലെ നഗരാരോഗ്യപരിശീലനകേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
പിഴയുടെ എസ്എംഎസ് ലഭിച്ചത് ഒറിജിനൽ ഉടമക്ക്: മോഷ്ടിച്ച സ്‌കൂട്ടർ കയ്യോടെ പൊക്കി ആർടിഒ
അതേസമയം എറണാകുളത്ത് നിന്ന് പുറത്തുവന്ന മറ്റൊരി വാർത്ത പിഴയുടെ എസ് എം എസ് ഒറിജിനൽ ഉടമക്ക് ലഭിച്ചതോടെ മോഷ്ടിച്ച സ്‌കൂട്ടർ കയ്യോടെ പൊക്കിയെന്നതാണ്. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് മൊബൈലിലേക്ക് അയച്ച എസ് എം എസ് ആണ് ഒറിജിനൽ ഉടമക്ക് ലഭിച്ചത്. ഉടമ വിളിച്ചപ്പോഴാണ് മോഷണം പോയ സ്‌കൂട്ടറാണെന്ന് മനസ്സിലായത്. കയ്യോടെ പൊക്കി ആർ ടി ഒ. എൻഫോഴ്സ്മെന്റ് ആർ ടി ഒ നടത്തിയ വാഹന പരിശോധനയിലാണ് മോഷണം പോയ ആക്സസ് സ്‌കൂട്ടർ പിടികൂടിയത്. എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയിൽ നിന്നും പിടികൂടിയത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. മലപ്പുറത്ത് ഡി ടി എച്ച് സർവീസ് നടത്തുന്നയാളാണ് ഇയാൾ. ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ വരികയായിരുന്ന ഇയാളെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൈ കാണിച്ചു നിറുത്തുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇ പോസ് മെഷീൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പണം കൈപറ്റി പിഴയൊടുക്കകയും ചെയ്തു. പിഴ അടച്ചതോടെ ആർ സി ഉടമ സുധീറിന്റെ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നു. സുധീർ മലപ്പുറം എൻഫോഴ്സ്മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായത്. വാഹനം ഓടിച്ചിരുന്നയാൾ രണ്ട് മാസം മുമ്പ് കോഴിക്കോട് സ്വദേശിയായ അജ്മലിൽ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണ് സ്‌കൂട്ടറെന്ന് മൊഴി നൽകിയിട്ടുണ്ട്. സുധീർ വാഹനം മോഷണം പോയതിനെ തുടർന്ന് ജനുവരിയിൽ കോതമംഗലം പൊലീസിൽ പരാതിയും നൽകിയിരുന്നു. കോഴിക്കോട് പൊലീസിൽ വിവരമറിയിക്കുകയും അജ്മലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡി വൈ. എസ്. പിയുടെ നേതൃത്വത്തിൽ എസ്. ഐ മുരളീധരൻ, അബ്ദുൾ ബഷീർ, സി. പി. ഒ മിർഷാദ് എന്നിവരാണ് സ്‌കൂട്ടർ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam