
തിരുവനന്തപുരം: ബൈപാസ് നിർമാണം (Bypass) പൂർത്തിയാക്കാതെ തിരുവല്ലത്ത് ടോൾ (Toll) പിരിക്കുന്ന ദേശീപാത അതോററ്റി അധികൃതരുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ (High court) ഹർജി. തിരുവല്ലത്തെ അനധികൃത ടോൾപിരിവ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂസഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജനുവരി അഞ്ചിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിയ്ക്കും ബന്ധപ്പെട്ട അധികൃതർക്കും നോട്ടീസ് അയച്ചു. ഭഗത് റൂഫസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് നാഗരേഷാണ് നടപടിസ്വീകരിച്ചത്.
ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പി. ഹരിദാസ് ഹാജരായി. നിർമ്മാണം പൂർത്തിയാക്കുന്നതിനു മുമ്പേ ടോൾ പിരിക്കുന്നതിനെതിരെ വമ്പിച്ച ജന രോഷമാണ് ഉയർന്നുവന്നത്. പദ്ധതി പ്രകാരം പൂർത്തിയാക്കേണ്ട കഴക്കൂട്ടം ഫ്ലൈ ഓവർ, ആക്കുളം, തിരുവല്ലം, പോറോട് എന്നിവടങ്ങളിലുള്ള സർവീസ് റോഡ്, പാലങ്ങൾ, നടപ്പാതകൾ, തെരുവ് വിളക്കുകൾ, ഡ്രൈനേജ് സംവിധാനം , ഹൈവേയ്ക്കു ഇരുവശങ്ങളിലും സർവീസ്
റോഡുകൾ എന്നിവ പൂർത്തിയായിട്ടില്ല.
തിരുവല്ലം ടോൾ പ്ലാസയ്ക്കു ഇരുവശവും 200 മീറ്റർ ദൂരം മാത്രമോണ് തെരുവ് വിളക്കുകൾ ഉള്ളതെന്നും ഈ ഭാഗത്തെ സർവീസ് റോഡും ചേർത്താണ് ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. ജനങ്ങൾ നടത്തിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വകവെക്കാതെ ദേശീയപാത അതോറിറ്റി ടോൾ പിരിവ് തുടരുന്നതിനെ തുടർന്നാണ് ഭഗത് റൂഫസ് ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam