
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികളെ തീരുമാനിച്ച വാർഡുകളിൽ പ്രചാരണം സജീവമാക്കുകയാണ് പാർട്ടികൾ. തിരുവനന്തപുരം കോർപ്പറേഷൻ തിരികെ പിടിക്കാൻ യുഡിഎഫും, നില നിർത്താൻ എൽഡിഎഫും, നേട്ടം കൊയ്യാൻ ബിജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥികളായ കെഎസ് ശബരീനാഥൻ, മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, എസ് പി ദീപക് എന്നിവർ ഏഷ്യാനെറ്റ് ന്യൂസിന്റെ 'ലൗഡ് സ്പീക്കറിൽ' വിജയ പ്രതീക്ഷകൾ പങ്കുവെച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍ കവഡിയാർ വാർഡിലാണ് മത്സരിക്കുന്നത്. തന്‍റെ ഈ പ്രൊഫൈൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ഭാരമല്ലെന്ന് ശബരീനാഥൻ പറയുന്നു.
മത്സരിക്കാൻ തീരുമാനം എടുക്കുന്നതിന് മുമ്പ് മുതിർന്ന നേതാക്കളുമായി ആലോചിച്ചിരുന്നു. സ്ഥാനാർത്ഥിത്വത്തിൽ ഞെട്ടലല്ല, ഏറെ ഇഷ്ടമുള്ള നഗരത്തിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന എക്സൈറ്റ്മെന്‍റിലാണ് താനെന്ന് ശബരി പറയുന്നു. കോൺഗ്രസിന് കഴിഞ്ഞ തവണ കോർപ്പറേഷനിൽ തിരിച്ചടി നേരിട്ടു. സീറ്റ് വളരയധികം കുറഞ്ഞു. അത് ജനവിധി കൊണ്ടല്ല, പാർട്ടിക്കുള്ളിലുള്ള പ്രശ്നങ്ങളായിരുന്നു ബാധിക്കപ്പെട്ടത്. ആ പ്രശ്നങ്ങളടക്കം പറഞ്ഞ് കോൺഗ്രസ് ഒരു ട്രസ്റ്റഡ് ബ്രാൻഡ് ആണെന്ന് പറഞ്ഞാണ് ഇത്തവണ യുഡിഎഫ് മുന്നോട്ട് വരുന്നത്. അത് ജനം തിരിച്ചറിഞ്ഞാൽ കോൺഗ്രസ് തിരിച്ച് വരും, കോപ്പറേഷൻ തിരിച്ച് പിടിക്കും- ശബരി പറഞ്ഞു.
ഭരണം നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എസ് പി ദീപക്ക് ലൗഡ് സ്പീക്കർ പരിപാടിയിൽ പറഞ്ഞു. ഭരണം പിടിച്ചാൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുതിർന്ന ദീപക് പേട്ട വാർഡിലെ സിപിഎം സ്ഥാനാർത്ഥിയാണ്. സംസ്ഥാനത്തും കോർപ്പറേഷനിലും നടത്തിയ വികസന പ്രവർത്തനം ജനം നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണെന്ന് ദീപക്ക് പറയുന്നു. ജനം കണ്ണുകൊണ്ട് കാണുകയാണ് വികസനപ്രവർത്തനങ്ങളെല്ലാം. വൈദ്യുതി, റോഡ്, ആശുപത്രി, ക്ഷേമപ്രവത്തനങ്ങൾ തുടങ്ങി സാധാരണക്കാർക്ക് വേണ്ടിയുള്ള കോർപ്പറേഷന്‍റെ പ്രവർത്തനങ്ങൾ അവർ വിലയിരുത്തും. കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്ന് കോൺഫിഡൻസ് ഉണ്ട്. എൽഡിഎഫ് ഭരണത്തിൽ കേരളം വികസിച്ച് കൊണ്ടേയിരിക്കുകയാണ്. നഗരസഭയും വികസനത്തിന്‍റെ പാതയിലാണ്. അടുത്ത 25 വർഷത്തിന്റെ വികസനമാണ് ഭരണത്തിലെത്തിയാൽ എൽഡിഎഫ് ഉറപ്പ് നൽകുന്നത്- ദീപക്ക് പറഞ്ഞു.
ജനത്തെ സല്യൂട്ടടിക്കാൻ കിട്ടിയ അവസരമാണ് ഇതെന്നാണ് ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാര്‍ഥി ശ്രീലേഖ ആർ ശ്രീലേഖ പറയുന്നത്. ജനങ്ങളുടെ ഇടയിൽ ആണ് 33 വർഷം സേവനം അനുഷ്ടിച്ചത്. അന്നും ഇന്നും അവരെ സല്യൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. സർവ്വീസിലുള്ളപ്പോൾ അകമ്പടി വാഹനങ്ങളുടെ ബഹളം ഇല്ലാത്ത ആളായിരുന്നു താൻ. വിരമിച്ച ശേഷം കൊവിഡ് കാലത്തടക്കം ജനങ്ങൾക്കിടയിൽ നിരന്തരം പ്രവർത്തിച്ചിട്ടുണ്ട്. അത് ജനങ്ങൾക്കറിയാം. വികസിത അനന്തപുരി എന്നതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയം. അഴിമതി രഹിത സുസ്ഥിരമായ ഭരണവും വികസനവുമാണ് മുന്നോട്ട് വെക്കുന്നത്. സിറ്റിക്ക് ഗുണമുണ്ടാകുന്ന വികസനപ്രവർത്തനം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. മാറാത്തത് ഇനി മാറും എന്നാണ് ബിജെപി മുന്നോട്ട് വെക്കുന്ന ആശയമെന്നും ശ്രീലേഖ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ആവേശവുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ ലൗഡ് സ്പീക്കർ യാത്ര ഇന്ന് മുതൽ കേരളത്തിന്‍റെ മുക്കിലും മൂലയിലുമെത്തുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ തദ്ദേശ പോരിൽ ആവേശവുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ ലൗഡ് സ്പീക്കർ സംഘമെത്തും. രണ്ട് സംഘങ്ങളായി കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ , ഓരോ പ്രദേശത്തിന്‍റെയും വികസനവും, രാഷ്ട്രീയവും ലൗഡ് സ്പീക്കർ ചർച്ച ചെയ്യും.