ദേശീയപാതയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ അടക്കം കവർന്നു; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളടക്കം 5 പേർ പിടിയിൽ

Published : Nov 11, 2025, 10:14 AM IST
 Sulthan Bathery highway robbery case

Synopsis

സുല്‍ത്താന്‍ബത്തേരിക്ക് സമീപം ദേശീയപാതയില്‍ വാഹനം തടഞ്ഞ് യാത്രക്കാരെ ആക്രമിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ കവർച്ചാ സംഘത്തിലെ ഏഴ് പേർ പിടിയിലായി. 

സുല്‍ത്താന്‍ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേര്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന തൃശൂര്‍ എടക്കുനി സ്വദേശി നിഷാന്ത് (39), പത്തനംതിട്ട അയിരൂര്‍ സ്വദേശി സിബിന്‍ ജേക്കബ്ബ് (36), പത്തനംതിട്ട അത്തിക്കയം സ്വദേശി ജോജി (38), പത്തനംതിട്ട എരുമേലി സ്വദേശി സതീഷ് കുമാര്‍ (46), പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി കെ പി സുബീഷ് (36) എന്നിവരെയാണ് പിടികൂടിയത്. 

ഞായറാഴ്ച തൃശൂര്‍ ചേരൂരില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് തോട്ടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പത്തനംതിട്ട റാന്നിയില്‍ നിന്നാണ് ഞായറാഴ്ച സിബിന്‍, ജോജി എന്നിവരെ പിടികൂടിയത്. ഞായറാഴ്ച തിരുവനന്തപുരം പൊങ്ങുമൂട്ടില്‍ നിന്നാണ് സതീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. സുബീഷിനെ ശനിയാഴ്ച ചേകാടിയില്‍ നിന്നും പിടികൂടി. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍ ചെന്ത്രാപ്പിന്നി തട്ടാരത്തില്‍ സുഹാസ് എന്ന അപ്പു (40), കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ സീതാമൗണ്ട് സ്വദേശി രാജന്‍ (61) എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ഇതോടെ കവര്‍ച്ചാ സംഘത്തിലെ ഏഴ് പേര്‍ പിടിയിലായി.

ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ് പണവും സ്വര്‍ണവും മറ്റും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് മുത്തങ്ങക്കടുത്ത കല്ലൂര്‍ 67 എന്ന സ്ഥലത്ത് വെച്ച് കാര്‍ തടഞ്ഞിട്ട് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബെംഗളുരുവില്‍ പോയി തിരിച്ചു വരവെ ഈ സംഘം രണ്ട് കാറുകളിലും ചരക്ക് വാഹനത്തിലുമായി പിന്തുടരുകയായിരുന്നു. കല്ലൂര്‍ 67 പാലത്തിന് സമീപംവെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വാഹനത്തോടൊപ്പം ഇതിലുണ്ടായിരുന്ന ലാപ്‌ടോപ്പ്, ടാബ്, മൊബൈൽ ഫോണ്‍, ബാഗുകള്‍ തുടങ്ങിയവയും കവര്‍ന്നു.

ആക്രമണത്തിനിരയായ കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. കവര്‍ച്ച സംഘത്തെ സഹായിച്ച പാടിച്ചിറ സീതാമൗണ്ട് സ്വദേശി രാജനെ (61) വീട്ടിലെത്തി പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീകാന്ത് എസ് നായര്‍, എം എ സന്തോഷ് കുമാര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിവരുന്നതിനിടെ അപകടം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
പേയാട് രാത്രി സ്കോർപ്പിയോ കാറിൽ 2 പേർ, മാലിന്യം തള്ളാനെന്ന് കരുതി പിടിച്ചപ്പോൾ കണ്ടത് 8 പൊതികളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ്!