
തിരുവനന്തപുരം: സ്കൂൾ പരിസരങ്ങളിലെ ലഹരി വില്പനക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയിലെ ലൈസൻസുള്ള കടകളിൽ ലഹരി വസ്തുക്കൾ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ കടയുടെ ലൈസൻസ് ഉടനടി റദ്ദാക്കുമെന്ന് മേയർ വി. വി. രാജേഷ് അറിയിച്ചു. കുട്ടികളെ ലഹരിമുക്തരാക്കാൻ സ്കൂളുകളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നഗരസഭയുടെ പൂർണ പിന്തുണയുണ്ടാകും.
പലയിടങ്ങളിലും സ്കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് ഒളിഞ്ഞും തെളിഞ്ഞും ലഹരി വില്പന നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന്, ഇത് തടയാൻ നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് രംഗത്തിറങ്ങും. അനധികൃതമായി പ്രവർത്തിക്കുന്ന ചില തട്ടുകടകൾ ലഹരി വില്പന കേന്ദ്രങ്ങളായി മാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടുകടകൾ കണ്ടെത്തിയാൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തന്നെ നഗരസഭ അധികൃതർ അവ നീക്കം ചെയ്യും. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികൾ സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ ലക്ഷ്യമിട്ട് തട്ടുകടകൾ സ്ഥാപിച്ച് ലഹരി വില്പന നടത്തുന്നതും കർശനമായി അവസാനിപ്പിക്കുമെന്ന് മേയർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam