കൊച്ചിയിലെ മത്സ്യത്തൊഴിലാളികൾക്ക് നാല് മാസത്തെ പ്രതിസന്ധിക്ക് ശേഷം ആശ്വാസമായി പൂവാലൻ ചെമ്മീൻ ലഭിച്ചു തുടങ്ങി. വെയിൽ തെളിഞ്ഞതോടെയാണ് തീരക്കടലിൽ ചെമ്മീനും മീനും കിട്ടിത്തുടങ്ങിയത്.

കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീനും ചെറിയ തോതിൽ മീനും ലഭിച്ചു തുടങ്ങി.

കഴിഞ്ഞ നാല് മാസമായി കടലിൽ പോയിരുന്ന പല വള്ളങ്ങൾക്കും ഇന്ധന ചെലവ് പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. കാലാവസ്ഥ മെച്ചപ്പെടുകയും വെയിൽ തെളിയുകയും ചെയ്തതോടെയാണ് ചെമ്മീനും മീനും ലഭിച്ചു തുടങ്ങിയത്.

പിടിച്ച ചെമ്മീനും മീനും മുനമ്പം ഹാർബറിൽ ലേലം ചെയ്യുകയാണ്. എന്നാൽ, കടലിനടിയിൽ മുങ്ങിക്കിടക്കുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിലും മറ്റ് ഇരുമ്പ് വസ്തുക്കളിലും മത്സ്യബന്ധന വലകൾ കുടുങ്ങി കേടുപാടുകൾ സംഭവിക്കുന്നത് ഇപ്പോഴും തിരിച്ചടിയാകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.