ലക്ഷദ്വീപിൽ അകപ്പെട്ട ബോട്ട് നാട്ടിലെത്തിക്കാൻ സഹായം തേടി കടലിന്റെ മക്കൾ

By Web TeamFirst Published Nov 10, 2019, 7:41 PM IST
Highlights

കൽപ്പേനിയിലെ‌ ജെട്ടിയിലുള്ള ബോട്ടിൽ നിലവില്‍ കേടുപാടുകള്‍ സംഭവിച്ച് വെള്ളം കയറാന്‍ തുടങ്ങിയ സ്ഥിതിയാണ്.  മത്സ്യബന്ധന വലയും മറ്റു ഉപകരണങ്ങളും ഒപ്പം ബോട്ട് ജീവനക്കാരും കയറുന്നതോടെ ബോട്ട് മുങ്ങുമെന്ന അശങ്കയിലാണ് ഉടമകളുള്ളത്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ട് തിരികെയെത്തിക്കാന്‍ സഹായം തേടി തിരുവനന്തപുരം പൂവ്വാര്‍, കൊല്ലങ്കോട് സ്വദേശികള്‍. കരയിലുറച്ചുപോയ മത്സ്യബന്ധന ബോട്ടിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇടപെട്ട് എന്‍ഐഒടിയുടെ സാങ്കേതികവിദ്യയുപയോഗിച്ച്  വെള്ളത്തിലിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും ദ്വീപ് ഭരണകൂടമാണ് വഹിച്ചത്. 

കൽപ്പേനിയിലെ‌ ജെട്ടിയിലുള്ള ബോട്ടിൽ നിലവില്‍ കേടുപാടുകള്‍ സംഭവിച്ച് വെള്ളം കയറാന്‍ തുടങ്ങിയ സ്ഥിതിയാണ്.  മത്സ്യബന്ധന വലയും മറ്റു ഉപകരണങ്ങളും ഒപ്പം ബോട്ട് ജീവനക്കാരും കയറുന്നതോടെ ബോട്ട് മുങ്ങുമെന്ന അശങ്കയിലാണ് ഉടമകളുള്ളത്. അത്തരമൊരു സാഹസിക യാത്രക്ക് തയ്യാറെടുത്ത് നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയാല്‍ നടുക്കടലില്‍ വച്ച് എന്തെങ്കിലും അപകടമുണ്ടായാല്‍ ബോട്ടിലുള്ളവരുടെ സ്ഥിതി അതീവ ഗുരുതരമാവുമെന്നാണ് വിലയിരുത്തല്‍. 

ജീവിതകാലത്തെ മുഴുവന്‍ സ്വപ്നങ്ങളും ചേര്‍ത്ത് വാങ്ങിയ ബോട്ട് ദ്വീപിലുപേക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. രണ്ടുപേർ ബോട്ടിൽ സ്ഥിരമായി നിന്ന് ബോട്ടിൽ കയറുന്ന വെള്ളം പുറത്തേക്കു കോരിക്കളയുകയാണ് നിലവില്‍ ചെയ്യുന്നത്. നാട്ടില്‍  നിന്ന് ഏതെങ്കിലും ബോട്ട് ദ്വീപിലേക്കോ അല്ലെങ്കില്‍ ദ്വീപില്‍ നിന്ന് ഏതെങ്കിലും ബോട്ടോ നാട്ടിലേക്കോ ഈ ബോട്ട് അകമ്പടി വരികയാണ് പോംവഴിയെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. 

ഇതിനായി ഒന്നരലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള ബോട്ടുടമകള്‍ക്ക് ഈ തുക കണ്ടെത്താന്‍ സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. സർക്കാരും ഫിഷറീസ് ഡിപ്പാർട്മെന്റും ബോട്ട് ഓണേഴ്സ് അസോസിയേഷനുകളും സഹായിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബോട്ടിന്‍റെ രജിസ്ട്രേഷന്‍ തമിഴ്നാട്ടിലെ ആയതുകൊണ്ട് കേരള സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ സാങ്കേതിക പ്രശ്നമുണ്ടെന്നാണ് ഫിഷറീസ് വകുപ്പ്  വിശദമാക്കുന്നത്. തിരുവനന്തപുരത്ത കൊല്ലങ്കോട്, പൂവാർ സ്വദേശികളാണ് ബോട്ട് ഉടമസ്ഥരായ സെൽവരാജും അലക്സാണ്ടറും. 

click me!