
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ 26ന് തിരുവനന്തപുരം ജില്ലയിലെ യു.പി.എച്ച്.സി, സബ് സെന്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ആരോഗ്യ സ്ഥാപനങ്ങള്‍ തുറക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇലക്ഷനുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി ഒരു സ്പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് സഞ്ജയ് കൗള്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി (ബൂത്തുകള്‍-25,177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കണ്‍ട്രോള്‍ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എആര്‍ഒ) കസ്റ്റഡിയില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡല്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന (എഫ്എല്‍സി) പൂര്‍ത്തിയാക്കി തിരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് യൂണിറ്റുകള്‍ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്എല്‍സി. എഫ്എല്‍സി പാസായ ഇവിഎമ്മുകള്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കൂ. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്എല്‍സി നടത്തുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ വെച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെല്‍) അംഗീകൃത എഞ്ചിനീയര്‍മാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ്എല്‍സിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു.
പെരുമഴയിൽ യുഎഇ, തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങൾ റദ്ദാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam