36 വര്‍ഷത്തിന് ശേഷം അഗതി മന്ദിരത്തില്‍ വച്ച് സൈദുവിനെ കണ്ടുമുട്ടി സുഭദ്ര ; വൈകാരികം ഈ കൂടിക്കാഴ്ച

By Web TeamFirst Published Sep 29, 2019, 10:53 PM IST
Highlights

29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഉത്തരേന്ത്യയില്‍ ജോലി തിരഞ്ഞ്പോയി കാണാതായ ഭര്‍ത്താവായ സൈദുവിനെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം അഗതി മന്ദിരത്തില്‍ വച്ച് കണ്ടുമുട്ടി ഭാര്യ സുഭദ്ര 

കൊടുങ്ങല്ലൂര്‍ : 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഭര്‍ത്താവിനെ അഗതി മന്ദിരത്തില്‍ വച്ച് കണ്ടെത്തി ഭാര്യ. കൊടുങ്ങല്ലൂരിലെ വെളിച്ചമെന്ന അഗതി മന്ദിരമാണ് അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ഓഗസ്റ്റ് അവസാന ദിവസങ്ങളിലാണ് തൊണ്ണൂറുകാരനായ സൈദു കൊടുങ്ങല്ലൂരിലെ അഗതി മന്ദിരത്തില്‍ എത്തുന്നത്. കടത്തിണ്ണയില്‍ കിട്ടന്നിരുന്ന സൈദുവിനെ പൊലീസുകാരാണ് ഇവിടെയെത്തിച്ചത്. സൈദുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അഗതി മന്ദിരത്തിലെ ചുമതലക്കാരനായ കരീം രേഖപ്പെടുത്തുന്നതിന് ഇടയിലാണ് സുഭദ്രയെന്ന അന്തേവാസി അവിടെയെത്തുന്നത്. സൈദുവിനെ കണ്ട് അമ്പരന്ന് നിന്ന സുഭദ്രയോട് ഇയാളെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് എല്ലാവരേയും ഞെട്ടിച്ചത്. 

അറിയുമോയെന്നോ? എന്‍റെ ഭര്‍ത്താവാണ് എന്ന സുഭദ്ര പറഞ്ഞപ്പോള്‍ സൗദു പറഞ്ഞത് ഇങ്ങനെയാണ് ഞാന്‍ എവിടെയെല്ലാം തിരഞ്ഞെന്നറിയോ. അക്ഷരാര്‍ത്ഥത്തില്‍ വെളിച്ചം ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുന്ന രണ്ട് പേര്‍ക്ക് വെളിച്ചമാവുന്ന കാഴ്ചയാണ് പിന്നീട് അവിടെ കണ്ടത്. ചെറുപ്രായത്തില്‍ വിവാഹിതയായ സുഭദ്രയ്ക്ക് രണ്ടുകുട്ടികള്‍ ഉണ്ടായതിന് പിന്നാലെയാണ് ആദ്യഭര്‍ത്താവ് മരിച്ചത്. തിരികെ പിതാവിന്‍റെ വീട്ടില്‍ എത്തിയ സുഭദ്ര അവിടെ വച്ചാണ് സൈദുവിനെ പരിചയപ്പെടുന്നത്. പിതാവിന്‍റെ സുഹൃത്ത് കൂടിയായ സൈദുവിനെ 23ാം വയസിലാണ് സുഭദ്ര പിതാവിന്‍റെ അനുവാദത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. 29 വര്‍ഷം ഒന്നിച്ച് താമസിച്ചതിന് ശേഷം  സുഭദ്രയുടെ മക്കളുടെ മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഒരു ജോലിക്കായി ശ്രമിച്ച് ഉത്തരേന്ത്യയിലേക്ക് പോയ സൈദുവിനെ പിന്നീട് കാണാതാവുകയായിരുന്നു.അച്ഛനല്ലാതെ മറ്റ് അധികം ബന്ധുബലമില്ലാതിരുന്ന സുഭദ്രയ്ക്ക്  ഫോണോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. 

കാലങ്ങള്‍ കഴിഞ്ഞതോടെ മക്കള്‍ രണ്ടുപേരും മരിച്ചതോടെ സുഭദ്ര ഒറ്റക്കായി. മത്സ്യക്കച്ചവടം നടത്തിയിരുന്ന സുഭദ്രയെ ഒരു വീട്ടുകാര്‍ തങ്ങള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി അതീവമോശമായതോടെ സുഭദ്ര ഇവര്‍ക്ക് ഭാരമായി തുടങ്ങി. ആശുപത്രിയില്‍ ആരും നോക്കാനില്ലാതെ ഉപേക്ഷിച്ച നിലയിലാണ് സുഭദ്ര വെളിച്ചത്തിലെത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് എങ്ങനെയോ തിരികെയെത്തിയ സൈദു സുഭദ്രയെ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മറ്റ് ബന്ധുക്കള്‍ ഇല്ലാതിരുന്നതോടെ തെരുവിലായി സൈദുവിന്‍റെ ജീവിതവും. 

36 വര്‍ഷത്തിന് ശേഷം സുഭദ്രയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് സൈദുവുള്ളത്. എണ്‍പത്തെട്ടുകാരിയായ സുഭദ്രയ്ക്ക് സൈദുവിനെ വീണ്ടും കാണാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷം മറച്ച് വക്കുന്നില്ല വെളിച്ചത്തിലെ മറ്റ് അന്തേവാസികള്‍. 

ചിത്രത്തിന് കടപ്പാട്: ദ ന്യൂസ് മിനിറ്റ്

 

click me!