'ആടിനെ കാണാനില്ല'; ഗായത്രിമോളുടെ സങ്കടത്തിന് ആശ്വാസമേകി 'ചിരി'യും തൊടുപുഴ പൊലീസും

By Web TeamFirst Published Sep 17, 2020, 9:36 AM IST
Highlights

ഗായത്രിയുടെ സങ്കടം കണ്ട്   മറ്റൊരു ആടിനെ വാങ്ങിനൽകാൻ എസ്.ഐ.യും സി.ഐ. സുധീർ മനോഹറും തീരുമാനിക്കുയായിരുന്നു. ഇതോടെ ഗായത്രിക്ക് മണിക്കുട്ടിക്ക് പകരം ആടെത്തി, സങ്കടം മാറി ചിരി നിറഞ്ഞു. 

ഇടുക്കി: കഴിഞ്ഞ കുറേനാളായി ഗായത്രിമോൾ നന്നായി ഒന്നുറങ്ങിയിട്ട്. ഭക്ഷണം ഇറങ്ങുന്നില്ല, ഒന്നു ചിരിക്കാൻ പോലും കഴിയുന്നില്ല. എങ്ങനെ മറക്കും താലോലിച്ചു വളർത്തിയ മണിക്കുട്ടിയെ. റോഡരികിൽ കെട്ടിയിട്ടിരുന്ന തന്‍റെ മണിക്കുട്ടിയെന്ന ആടിനെ ആരോ മോഷ്ടിച്ചു കൊണ്ടു പോയതോടെ ഗായത്രിമോള്‍ ഊണും ഉറക്കുവുമില്ലാത്ത അവസ്ഥയിലായിരുന്നു.

സമീപ പ്രദേശങ്ങളിലെല്ലാം മണിക്കുട്ടിക്കായി ഗായത്രിയും വീട്ടുകാരും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശയോടെ ഇരിക്കുമ്പോഴാണ് ഗായത്രി കുട്ടികളുടെ പരാതി പറയാനായുള്ള സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ ‘ചിരി’ പദ്ധതിയെക്കുറിച്ച് അറിയുന്നത്. പിന്നെ സമയം കളഞ്ഞില്ല, നേരെ ‘ചിരി’യിലേക്ക് വിളിച്ചു, തന്‍റെ സങ്കടം പറഞ്ഞു. 

ഒട്ടും താമസിക്കാതെ എസ്.ഐ. ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. പൊലീസ് അന്വേഷണത്തിലും ആടിനെ കണ്ടെത്താനായില്ല. ഗായത്രിയുടെ സങ്കടം കണ്ട്   മറ്റൊരു ആടിനെ വാങ്ങിനൽകാൻ എസ്.ഐ.യും സി.ഐ. സുധീർ മനോഹറും തീരുമാനിക്കുയായിരുന്നു. ഇതോടെ ഗായത്രിക്ക് മണിക്കുട്ടിക്ക് പകരം ആടെത്തി, സങ്കടം മാറി ചിരി നിറഞ്ഞു. കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഗായത്രിയുടെ സങ്കടം മാറ്റിയ കഥ പങ്കുവച്ചിട്ടുണ്ട്.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഗായത്രി മോൾക്ക് മണിക്കുട്ടിയെന്ന വെറുമൊരാടിനെയല്ല നഷ്ടമായത്, കുടുംബാംഗത്തെത്തന്നെയായിരുന്നു. മണിക്കുട്ടിക്ക് തീറ്റയും വെള്ളവുമെല്ലാം കൊടുക്കുന്നത് ഗായത്രിമോളായിരുന്നു. പക്ഷേ ഇന്ന് മണിക്കുട്ടിക്കു പകരമാവില്ലെങ്കിലും തൊടുപുഴ എസ് ഐ ബൈജു പി ബാബുവിൻെറെ നേതൃത്വത്തിൽ ഒരാടിനെ വാങ്ങി ഗായത്രിമോളുടെ വീട്ടിലെത്തിച്ചു നൽകി....

റോഡരികിൽ കെട്ടിയിട്ടിരുന്ന മണിക്കുട്ടിയെന്ന ആടിനെ ആരോ മോഷ്ടിച്ചു കൊണ്ടു പോയെന്ന പരാതിയുമായാണ് റീനയും മോളും തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് അന്വേഷിച്ചെങ്കിലും ആടിനെക്കുറിച്ച് വിവരമൊന്നും ലഭ്യമായില്ല. വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കി എസ് ഐ പുതിയൊരു ആടിനെ വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. സി ഐ സുധീർ മനോഹർ ഉൾപ്പെടെ ഏതാനും പോലീസ് ഉദ്യോഗസ്ഥരും കൂടി കയ്യിൽ നിന്നും പണം മുടക്കി കരിങ്കുന്നത്തുനിന്നും ആടിനെ മേടിച്ചു അഞ്ചിരിയിലെ വീട്ടിലെത്തി ആടിനെ കൈമാറുകയായിരുന്നു...... ഗായത്രിയുടെയും അമ്മറീനയുടെയും കണ്ണുകളിലെ തിളക്കം മാത്രം കണ്ട് മനസു നിറഞ്ഞാണ് പോലീസ് സംഘം മടങ്ങിയത്.

click me!