'പുതുപ്പള്ളിയിലെ ക്ഷേമ പെന്‍ഷന്‍കാരും തുകയും'; കണക്കുകളുമായി തോമസ് ഐസക്ക് 

Published : Aug 10, 2023, 04:23 PM ISTUpdated : Aug 10, 2023, 04:46 PM IST
'പുതുപ്പള്ളിയിലെ ക്ഷേമ പെന്‍ഷന്‍കാരും തുകയും'; കണക്കുകളുമായി തോമസ് ഐസക്ക് 

Synopsis

പുതുപ്പള്ളിയിലെ 35000ത്തോളം വരുന്ന ക്ഷേമപെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന 1600 രൂപയില്‍ 1500 രൂപയും ഇടതു സര്‍ക്കാരുകൾ നല്‍കിയതാണെന്ന് തോമസ് ഐസക്ക്. 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണക്കാലത്തെയും ഇടതുമുന്നണി ഭരണക്കാലത്തെയും ക്ഷേമപെന്‍ഷന്‍ തുകകള്‍ തമ്മിലുള്ള താരമത്യക്കുറിപ്പുമായി മുന്‍മന്ത്രി തോമസ് ഐസക്ക്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുതുപ്പള്ളിയില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇന്ന് മണ്ഡലത്തില്‍ 34,932 ഗുണഭോക്താക്കളുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു. 

തോമസ് ഐസക്കിന്റെ കുറിപ്പ്: ''ശ്രീ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പുതുപ്പള്ളിയില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കള്‍. 13925 പേര്‍ പുതുപ്പള്ളിയില്‍ കൂടുതലായി പെന്‍ഷന്‍ വാങ്ങുന്നു. 66 ശതമാനമാണ് വര്‍ദ്ധന. ഇവര്‍ക്ക് ഇന്ന് 1600 രൂപ വീതം പെന്‍ഷനുണ്ട്. ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോള്‍ 600 രൂപയായിരുന്നു പെന്‍ഷന്‍. 1000 രൂപ പെന്‍ഷന്‍ പിണറായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വര്‍ദ്ധന. അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.''

''വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെന്‍ഷന്‍ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീര്‍ത്തു. പെന്‍ഷന്‍ 500 രൂപയായി ഉയര്‍ത്തിയത് വിഎസ് സര്‍ക്കാരാണ്. ചുരുക്കത്തില്‍ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന 1600 രൂപയില്‍ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങള്‍ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതല്‍ നീതി പുലര്‍ത്തിയിട്ടുള്ളത്.?''


പുതുപ്പള്ളി സര്‍ക്കാര്‍ സ്‌കൂളിന്റെ മാറ്റങ്ങള്‍ താരതമ്യം ചെയ്തും തോമസ് ഐസക്ക് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അവസ്ഥയും ഇന്നത്തെ മാറ്റവുമാണ് തോമസ് ഐസക്ക് ചിത്രങ്ങളിലൂടെ പങ്കുവച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വികസനമില്ലാതെ കിടന്ന സ്‌കൂള്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റല്‍ സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് മാറിയെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു. 2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്‌കൂള്‍ കെട്ടിടത്തിന് 15 പുതിയ ക്ലാസ് മുറികള്‍, 7 ലാബുകള്‍, പ്രിന്‍സിപ്പല്‍ - പ്രഥമാധ്യാപകരുടെ മുറികള്‍, സ്റ്റാഫ് മുറി, ലൈബ്രറി, റോഡിയോ വിഷ്വല്‍ റൂം, കൗണ്‍സിലിംഗ് സെന്റര്‍, കമ്മ്യൂണിറ്റി ഏരിയ, പുതിയ ശുചിമുറികള്‍, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസമെന്നും ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യമെന്നും ഐസക്ക് അഭിപ്രായപ്പെട്ടിരുന്നു. 

 ലോകമെമ്പാടും റിക്രൂട്ട്മെന്‍റ്, ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍; എമിറേറ്റ്‌സിനൊപ്പം പറക്കാം  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
സാധാരണ ചേമ്പ് പോലെ ചൊറിയില്ല, പച്ചക്ക് കടിച്ച് തിന്നാം ഈ 'കപ്പ ചേമ്പ്! വയനാട്ടിൽ പുതിയ കൃഷിയുമായി സുനിൽ