140ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ദുബൈ: ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈനിലെ ക്യാബിന്‍ ക്രൂവിന്‍റെ എണ്ണം 20,000 കടന്നു. വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മുന്നേറുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ വിവിധ രാജ്യങ്ങളിലായി റിക്രൂട്ട്‌മെന്റ് തുടരുകയാണ്. പല രാജ്യങ്ങളിലായി നൂറുകണക്കിന് നഗരങ്ങളിലാണ് എമിറേറ്റ്‌സ് റിക്രൂട്ട്‌മെന്റ് തുടരുന്നത്. കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ലൈന്‍.

ആറ് ഭൂഖണ്ഡങ്ങളിലായി 340 നഗരങ്ങളില്‍ എമിറേറ്റ്‌സ് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം വരെ എയര്‍ലൈന്‍ ലോകമെമ്പാടും റിക്രൂട്ട്‌മെന്റ് തുടരും. 140ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 30 വര്‍ഷമായി ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാര്‍ എമിറേറ്റ്‌സിലുണ്ട്. 400 ജീവനക്കാര്‍ 20 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി. 15-19 വര്‍ഷം പൂര്‍ത്തിയാക്കി 1,500 പേരും 10-14 വര്‍ഷം ജോലി ചെയ്ത 3,000 ജീവനക്കാരും എമിറേറ്റ്‌സിലുണ്ട്. നിലവിലുള്ളതില്‍ 4,000 ക്രൂ അംഗങ്ങള്‍ അഞ്ച് മുതല്‍ 9 വര്‍ഷത്തെ സര്‍വീസുള്ളവരാണ്. 

ഫിക്‌സ്ഡ് ബേസിക് സാലറി, വിമാനയാത്ര നടത്തുന്നതിന് അനുസരിച്ച് മണിക്കൂറ് കണക്കാക്കിയുള്ള തുക, ഓവര്‍സീസ് മീല്‍ അലവന്‍സ് എന്നിവയാണ് ക്യാബിന്‍ ക്രൂവിന്റെ ശമ്പളത്തില്‍പ്പെടുന്നത്. ബേസിക് ശമ്പളമായി പ്രതിമാസം 4,650 ദിര്‍ഹവും, ഫ്‌ലൈയിങ് പേ ഇനത്തില്‍ മണിക്കൂറിന് 63.75 ദിര്‍ഹവും(പ്രതിമാസം 80-100 മണിക്കൂറുകള്‍) ലഭിക്കും. ആകെ ശരാശി 10,388 ദിര്‍ഹമാണ് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പ്രതിമാസ ശമ്പളം. നൈറ്റ് സ്‌റ്റോപ്പുകള്‍ക്കുള്ള മീല്‍ അലവന്‍സുകള്‍ പ്രത്യേകം ഉണ്ടാകും. ഹോട്ടല്‍ താമസ സൗകര്യവും എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്പനി നല്‍കും. 

നികുതിയില്ലാത്ത ശമ്പളം, ലാഭവിഹിതം, ഹോട്ടല്‍ താമസം, തുടര്‍ യാത്രയുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍ വിമാനം നിര്‍ത്തിയിടുമ്പോഴുള്ള (ലെയ് ഓവര്‍) ചെലവുകള്‍, സ്വന്തം ആവശ്യങ്ങള്‍ക്ക് കുറഞ്ഞ യാത്രാ നിരക്ക്, വാര്‍ഷിക അവധിക്കുളള സൗജന്യ വിമാന ടിക്കറ്റ്, ഗൃഹോപകരണങ്ങളുള്‍പ്പെടുന്ന താമസ സൗകര്യം, യാത്രാ സൗകര്യം, മെഡിക്കല്‍് ലൈഫ്, ഡെന്റല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ലോണ്‍ഡ്രി സൗകര്യം എന്നിങ്ങനെ എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇത് കൂടാതെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനുള്ള സൗകര്യവുമുണ്ട്. 

Read Also -  വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

യൂറോപ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളില്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ എമിറേറ്റ്‌സ് റിക്രൂട്ടമെന്റിന്റെ ഭാഗമായി ക്യാബിന്‍ ക്രൂവിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്പണ്‍ ഡേയ്‌സ് സംഘടിപ്പിക്കുന്നുണ്ട്. 

ക്യാബിന്‍ ക്രൂവിന് വേണ്ട യോഗ്യത 

ഇംഗ്ലീഷിന്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം 
160 സെന്റീമീറ്റര്‍ നീളം, 212 സെന്റീമീറ്റര്‍ ഉയരത്തില്‍ എത്താനാകണം.
യുഎഇയുടെ തൊഴില്‍ വിസാ മാനദണ്ഡങ്ങള്‍ പാലിക്കണം.
ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയം
യൂണിഫോം ധരിക്കുമ്പോള്‍ കാണാവുന്ന രീതിയില്‍ ശരീരത്തില്‍ ടാറ്റു ഉണ്ടാകരുത്.

Read Also -  വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അവസരങ്ങള്‍; അപേക്ഷകള്‍ ഈ മാസം 15 വരെ, വിശദ വിവരങ്ങള്‍ അറിയാം

നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിട്ടുള്ള എമിറേറ്റ്‌സ് ഗ്രൂപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17,160 പേരെയാണ് വിവിധ ജോലികളില്‍ നിയമിച്ചത്. 2023 മാര്‍ച്ച് 31ഓടെ ആകെ ജീവനക്കാരുടെ എണ്ണം 102,000 ആയി. 2024ല്‍ എയര്‍ബസ് A350s, ബോയിങ് 777-sX എന്നിവ കൂടി എമിറേറ്റ്‌സിന്റെ ഭാഗമാകും. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...