ഒന്നാം വാര്‍ഷികത്തിനരികെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി; ഉത്പാദിപ്പിച്ചത് 85.7 മില്യണ്‍ യൂണിറ്റ് വൈദ്യുതി

Published : Jul 29, 2025, 05:40 PM IST
Thottiyar hydro electric project

Synopsis

പെരിയാറിന്‍റെ കൈവഴിയായ ദേവിയാറിലെ നീരൊഴുക്കാണ് പദ്ധതിയുടെ സ്രോതസ്

ഇടുക്കി: ഉത്പാദനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കാൻ ഒരുങ്ങുന്ന ഇടുക്കിയിലെ തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദന രംഗത്ത് നല്‍കിയത് മികച്ച സംഭാവന. 85.76465 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഇതിനകം പദ്ധതിയില്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 10നും രണ്ടാം നമ്പര്‍ ജനറേറ്റര്‍ സെപ്തംബര്‍ 30നുമാണ് ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞ അളവില്‍ ജലം മതിയെന്നതാണ് തൊട്ടിയാര്‍ പദ്ധതിയുടെ പ്രത്യേകത. റണ്‍ ഓഫ് ദി റിവര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ സ്ഥാപിത ശേഷി 40 മെഗാവാട്ടും വാര്‍ഷികോല്‍പ്പാദനം ലക്ഷ്യമിടുന്നത് 99 ദശലക്ഷം യൂണിറ്റുമാണ്.

പ്രധാന സ്രോതസ് ദേവിയാർ പുഴ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ മന്നാംകണ്ടം വില്ലേജിലാണ് തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതി. പെരിയാറിന്‍റെ കൈവഴിയായ ദേവിയാറിലെ നീരൊഴുക്കാണ് പദ്ധതിയുടെ സ്രോതസ്. ദേവിയാര്‍ പുഴയില്‍, വാളറയില്‍ 222 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ഉയരവുമുള്ള കോണ്‍ക്രീറ്റ് തടയണ നിര്‍മ്മിച്ചിട്ടുണ്ട്. 60 മീറ്റര്‍ നീളമുള്ള ഒരു കനാല്‍ വഴി ജലം തിരിച്ച് വിട്ട് കുതിരകുത്തി മലയിലെ 2.60 മീറ്റര്‍ വ്യാസവും 199 മീറ്റര്‍ നീളവുമുള്ള തുരങ്കത്തില്‍ എത്തിക്കുന്നു. അവിടെ നിന്നും 1252 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് വഴി കടത്തിവിട്ട് പെരിയാര്‍ നദിയുടെ വലതുകരയില്‍ സ്ഥാപിച്ച വൈദ്യുതി നിലയത്തില്‍ എത്തിക്കുന്നു. എന്നിട്ട് 10 മെഗാവാട്ടും 30 മെഗാവാട്ടും ശേഷിയുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്തുന്നു. അതിനു ശേഷം ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കി വിടുന്നു.

നിർമാണ ചെലവ് 188 കോടി രൂപ

പദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലോവര്‍ പെരിയാര്‍ തൊട്ടിയാര്‍ ഫീഡറിലേക്കും തൊട്ടിയാര്‍-ചാലക്കുടി ഫീഡറിലേക്കും എത്തിക്കുന്നു. കൂടാതെ പെരിയാര്‍ നദിക്ക് കുറുകെ നീണ്ടപാറയ്ക്ക് സമീപത്തായി 110 മീറ്റര്‍ നീളമുള്ള പാലവും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതിക്കായി 23.05 ഹെക്ടര്‍ സ്ഥലം ആവശ്യമായി വന്നു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വൈദ്യുത ഉപഭോഗം മുന്നില്‍ കണ്ടുകൊണ്ട് ജലവൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് വിവിധ ജലവൈദ്യുത പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്. അത്തരത്തില്‍ ആവിഷ്‌കരിച്ച് നിര്‍മ്മിച്ച ജലവൈദ്യുത പദ്ധതിയാണ് തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി. 188 കോടി രൂപയാണ് തൊട്ടിയാര്‍ പദ്ധതിയുടെ ആകെ നിര്‍മ്മാണച്ചെലവ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏത് മടിയൻമാര്‍ക്കും എളുപ്പം ചെയ്യാമെന്ന് ഉസ്സൻ!, ടെറസ് തോട്ടത്തിൽ 5 കിലോയുള്ള മെക്സിക്കൻ ജയന്റ് മുതൽ കൈകൊണ്ട് അടർത്തി കഴിക്കാവുന്ന ഹാൻഡ് പുള്ള് വരെ
തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്