
തൃശൂർ: വയോധികയെ വെട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി കാതിക്കുടത്ത് വീട്ടിൽ ലീല (63)യെ വെട്ടിയ കേസിലാണ് വടക്കുമുറി സ്വദേശി വലിയപറമ്പിൽ വിട്ടിൽ ശ്രീബിൻ (21) നെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീബിനെ ആദിത്യകൃഷ്ണ എന്ന യുവാവ് അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് ആദിത്യകൃഷ്ണയുടെ വല്യമ്മയായ ലീലയെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടയുമായ കായ്ക്കുരു രാഗേഷിന്റെ സംഘത്തിലെ അംഗമാണ് ശ്രീബിൻ. കായ്ക്കുരു രാഗേഷിന്റെ സംഘത്തെ പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. രാഗേഷിൻ്റെ സംഘത്തിലെ ഷാജഹാനോടൊപ്പം മാർച്ച് 17 ന് ശ്രീബിൻ ആദിത്യകൃഷ്ണയുടെ വീട്ടിലെത്തി. ഈ സമയത്ത് യുവാവിൻ്റെ അമ്മ സൗമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മകൻ എവിടെയെന്ന് ചോദിച്ചപ്പോൾ ഇവിടെയില്ലെന്നായിരുന്നു സൗമ്യയുടെ മറുപടി. മകനെ കിട്ടിയില്ലെങ്കിൽ സൗമ്യയെ വെട്ടിക്കൊല്ലുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് അയൽവീട്ടിൽ നിന്നും ആദിത്യകൃഷ്‌ണയുടെ വല്യമ്മയെത്തി. എന്തിനാണ് ബഹളം വെക്കുന്നതെന്ന് ഇവർ യുവാക്കളോട് ചോദിച്ചു. ഈ സമയത്ത് ഷാജഹാനാണ് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടിയത്. സൗമ്യയുടെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുത്തിരുന്നു.
ഈ കേസിൽ കായ്ക്കുരു രാഗേഷ്, ഹരികൃഷ്ണൻ, അഖിൽ, ഷാജഹാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ശ്രീബിൻ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. അഖിൽ, ഹരികൃഷ്ണൻ എന്നീ സുഹൃത്തുക്കളാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചത്. ആലുവയിൽ ഒളിയിടത്തിൽ നിന്നാണ് നാല് മാസങ്ങൾക്ക് ശേഷം പ്രതിയെ പൊലീസ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam