പുള്ളിമാനിനെ പിടികൂടി ഇറച്ചിയാക്കി; വയനാട്ടില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published : Aug 22, 2020, 12:53 PM IST
പുള്ളിമാനിനെ പിടികൂടി ഇറച്ചിയാക്കി; വയനാട്ടില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Synopsis

കുറിച്യാട് റെയ്ഞ്ചിന് കീഴിലുള്ള കൊമ്പന്‍മൂല വനത്തിനുള്ളില്‍ കെണിവെച്ച് പുള്ളിമാനിനെ പിടികൂടി ഇറച്ചിയാക്കിയ ശേഷം മൂന്നുപേര്‍ക്ക് വിറ്റുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. 

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗവേട്ട നടത്തിയ  കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെതലയം കൊമ്പന്‍മൂല കോളനിവാസികളായ ഗംഗന്‍ (40), ശശികുമാര്‍ (35), ചെതലയം ആറാം മൈല്‍ സ്വദേശിയായ മാടായി അബ്ദുള്‍ അസീസ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഗംഗനും ശശികുമാറും ചേര്‍ന്ന് കഴിഞ്ഞ 19-ന് വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട കുറിച്യാട് റെയ്ഞ്ചിന് കീഴിലുള്ള കൊമ്പന്‍മൂല വനത്തിനുള്ളില്‍ കെണിവെച്ച് പുള്ളിമാനിനെ പിടികൂടി ഇറച്ചിയാക്കിയ ശേഷം മൂന്നുപേര്‍ക്ക് വിറ്റുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. വില്‍ക്കാന്‍ കഴിയാതെ ബാക്കി വന്ന ഇറച്ചി കോളനിയിലെ വീട്ടിലെത്തി പാകംചെയ്തു. 

കുപ്പാടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാത്രി കൊമ്പന്‍മൂല കോളനിയിലെ പ്രതികളുടെ വീടുകളിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്ന് പാകംചെയ്ത മാനിറച്ചി കണ്ടെത്തി. ഈ സമയം കോളനിയിലുണ്ടായിരുന്ന അബ്ദുള്‍ അസീസിന്റെ കാറിനുള്ളില്‍നിന്നും പാകംചെയ്ത മാനിറച്ചി കണ്ടെടുത്തു. 

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് നടത്തിയ തെളിവെടുപ്പില്‍ വനത്തിനുള്ളില്‍നിന്ന് മാനിന്റെ തലയും കൈകാലുകളും തോലുമടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2018-ല്‍ കുറിച്യാട് റെയ്ഞ്ചിന് കീഴിലുള്ള വനത്തില്‍നിന്ന് പുള്ളിമാനിനെ വേട്ടയാടിയ കേസിലെ പ്രതിയാണ് അബ്ദുള്‍ അസീസ്. 

കുപ്പാടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ബൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍. മണികണ്ഠന്‍, ടി. ആദര്‍ശ്, ഹനീഷ് ശേഖര്‍, വിവേക് പത്മനാഭന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് ഇറച്ചി വാങ്ങിയവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു