വയനാട്ടില്‍ വന്യജീവി വേട്ട തുടര്‍ക്കഥ; ആമകളെ വേട്ടയാടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 26, 2019, 11:02 AM IST
Highlights

വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് ആമയുടെ പുറംതോടും പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കല്‍പ്പറ്റ: ഒരിടവേളക്ക് ശേഷം വയനാട്ടില്‍ വന്യജീവികളെ വേട്ടയാടുന്നത് വീണ്ടും തുടര്‍ക്കഥയാകുന്നു. രണ്ട് മാസങ്ങള്‍ക്കിടെ നിരവധി കേസുകളാണ് വനംവകുപ്പിന് മുന്നിലെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വേട്ടയാടി പിടിച്ച് ഭക്ഷണമാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കാട്ടിലെ ആമകളെ വേട്ടയാടിയെന്ന കേസില്‍ മുന്നുപേര്‍ ഇന്നലെ അറസ്റ്റിലായതോടെയാണ് വേട്ടക്കായി പ്രത്യേക സംഘങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുണ്ടെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. അഞ്ചുകുന്ന് പാലുകുന്ന് അശ്വിന്‍ നിവാസില്‍ അശ്വിന്‍ എ. പ്രസാദ് (56), വാകയാട് കോളനിയിലെ രവീന്ദ്രന്‍ (56), ജിതിന്‍കുമാര്‍ (28) എന്നിവരാണ് കാട്ടാമയെ വേട്ടയാടിയ കേസില്‍ പിടിയിലായത്. 

വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അശ്വിന്‍ പ്രസാദിന്റെ വീട്ടില്‍ നിന്ന് ആമയുടെ പുറംതോടും പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മറ്റൊരാള്‍ കൂടി പിടിയിലാകാനുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് നാലില്‍പ്പെട്ട വംശനാശ ഭീഷണി നേരിടുന്ന വന്യജീവിയാണ് കാട്ടാമ. 

ഒന്നാംപ്രതി അശ്വിന്‍ സ്ഥിരമായി ആമകളെ വേട്ടയാടാറുണ്ടെന്നും മറ്റു പ്രതികള്‍ ഇയാളുടെ സഹായികളും ഇടനിലക്കാരുമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും കാട്ടമകളെ ഇയാള്‍ വില്‍പ്പന നടത്താറുണ്ടെന്ന വിവരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

മാനുകളെ വേട്ടയാടുന്ന സംഭവങ്ങളും ജില്ലയില്‍ അടുത്ത കാലങ്ങളിലുണ്ടായി. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളവര്‍ വരെ സംഭവത്തില്‍ പ്രതികളായി വരുന്നത് അധികൃതര്‍ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം കാടിന് സമീപത്ത് നിന്ന് തോക്ക് സഹിതം പിടികൂടി സംഘത്തില്‍ അവധിക്ക് വന്ന സൈനികനും ഉള്‍പ്പെട്ടിരുന്നു. 

ഏതായാലും വേട്ടയാടല്‍ സംഘങ്ങളെ കുടുക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. അതേ സമയം പ്രവൃത്തികള്‍ക്ക് ആദിവാസികളെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായുള്ള ആരോപണം ഉയരുന്നുണ്ട്. നിരവധി ആദിവാസികള്‍ ഇത്തരം കേസുകളില്‍ പിടിയിലായിട്ടുണ്ട്. 

click me!