
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ആലുവയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 34 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും ആലുവ പൊലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. മൂന്നംഗ സംഘം ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. തുടർന്ന് തീവണ്ടി മാർഗ്ഗം യാത്ര ചെയ്ത് ഇവർ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ആലുവ തോട്ടക്കാട്ട്കരയിൽ വെച്ചാണ് പൊലീസ് സംഘം ഇവരെ തടഞ്ഞുനിർത്തി പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവ് 16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ഷോൾഡർ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഒഡീഷയിൽ നിന്ന് വെറും 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ്, കേരളത്തിൽ എത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് ഇവർ വിറ്റിരുന്നത്. പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലുള്ള കസ്റ്റമർമാർക്ക് ലഹരിമരുന്ന് കൈമാറി ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചുപോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവരിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന പ്രാദേശിക ലഹരി ഇടപാടുകാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ ഓപ്പറേഷൻ നടന്നത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ. ജി. ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam