പെൺകുട്ടികളെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന സെക്സ് റാക്കറ്റിനെ കൊള്ളയടിച്ച് യുവാക്കള്‍, മൂന്ന് പേർ പിടിയിൽ

By Web TeamFirst Published May 25, 2022, 3:11 PM IST
Highlights

ഈ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയും കസ്റ്റമർക്ക് ആവശ്യാനുസരണം നൽകുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടി യുവാക്കൾ. ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുള്ള യുവതികളെയും യുവാക്കളെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും 17000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസുമാണ് പ്രതികൾ കവർന്നത്. 

ചേവായൂർ കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടിൽ അരുൺ ദാസ് (28 ) ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25), മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22 ) എന്നിവരെ മെഡിക്കൽ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 

എറണാകുളം ജില്ലയിലെ പിറവം, വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ ഫ്ലാറ്റിൽ എത്തുകയും ഈ വിവരം അറിഞ്ഞ, കേന്ദ്രം നടത്തിപ്പുകാരനായ അബ്ദുൽ ജലീലിന്റെ എതിർ സംഘത്തിൽപെട്ട ആളുകൾ നൽകിയ വിവരത്തെ തുടർന്ന് ഫ്ലാറ്റിൽ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം. 

ചേവായൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് എന്നയാൾ ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീൽ ആണ് സെക്സ് കേന്ദ്രം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സെക്സ് റാക്കറ്റിന്റെ പ്രധാനിയായ അബ്ദുൽ ജലീലിനെയും പ്രതികളെ ഇതിന് സഹായിച്ചവരെയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഈ ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന പെൺകുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഓൺലൈൻ സൈറ്റുകൾ വഴിയും കസ്റ്റമർക്ക് ആവശ്യാനുസരണം നൽകുകയായിരുന്നു അബ്ദുൽജലീൽ ചെയ്തിരുന്നത്. സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടുപിടിച്ചു അവർക്ക് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അങ്ങനെയെങ്കിൽ ആയതിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും എസിപി കെ സുദർശൻ പറഞ്ഞു.

പ്രതികളിൽ നിന്നും കവർച്ച നടത്തിയ മുതലുകളും പണവും പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസിപിയെയും ഇൻസ്പെക്ടറെയും കൂടാതെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്ധ്യ ജോർജ്ജ്, സിവിൽ പൊലീസ് ഓഫീസർ പി സ്മരുൺ, സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി,ഷഹീർ പെരുമണ്ണ എന്നിവരുമുണ്ടായിരുന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

click me!