2000, 500, 200, നോട്ട് ആവശ്യത്തിന് സ്വന്തമായി അച്ചടിച്ചെടുക്കും, ചാരുംമൂട് പിടിക്കപ്പെട്ടതിൽ സിനിമാ നടനും

Published : Dec 18, 2022, 07:20 PM IST
2000, 500, 200, നോട്ട് ആവശ്യത്തിന് സ്വന്തമായി അച്ചടിച്ചെടുക്കും, ചാരുംമൂട് പിടിക്കപ്പെട്ടതിൽ സിനിമാ നടനും

Synopsis

സൂപ്പർ മാർക്കറ്റിൽ 500 രൂപ കള്ളനോട്ട് മാറാനെത്തിയ യുവതിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെയടക്കം പിടികൂടിയ സംഭവത്തിൽ സീരിയൽ ചലച്ചിത്ര നടനടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

ചാരുംമൂട്: സൂപ്പർ മാർക്കറ്റിൽ 500 രൂപ കള്ളനോട്ട് മാറാനെത്തിയ യുവതിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റിനെയടക്കം പിടികൂടിയ സംഭവത്തിൽ സീരിയൽ ചലച്ചിത്ര നടനടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. സീരിയൽ ചലച്ചിത്ര നടനായ തിരുവനന്തപുരം നേമം കാരയ്ക്ക മണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിത് വീട്ടിൽ ഷംനാദ് (ശ്യാം ആറ്റിങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടിൽ ശ്യം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38)എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരുടെ വീടുകളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്.  കടകളിൽ മാറാനായി കൊണ്ടുവന്ന രൂപയുടെ കള്ളനോട്ടുകൾ ഉൾപ്പടെയാണിത്. കഴിഞ്ഞ ബുധനാഴ്ച ചോയ്സ് സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കള്ളനോട്ടുകളൂടെ വൻ ശേഖരം പിടിച്ചെടുക്കുവാൻ കഴിഞ്ഞത്. 

ലേഖയെ ചോദ്യം ചെയ്തതോടെയാണ് ക്ലീറ്റസ് ആണ് കള്ള നോട്ടുകൾ തന്നതെന്നും ക്ലീറ്റസിനെ പരിചയപ്പെടുത്തി കൊടുത്തത് രഞ്ജിത്ത് ആണെന്നും ലേഖ പറഞ്ഞു. തുടർന്ന് പൊലീസ് സംഘം ഈസ്റ്റ് കല്ലട എത്തി ക്ലീറ്റസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തതിൽ റിയൽ എസ്റ്റേറ്റ് ബന്ധം വഴി ചാരുംമൂട് ഉള്ള രഞ്ജിത്തിനെ പരിചയപ്പെട്ടെന്നും ഇയാൾ വഴിയാണ് ചാരുംമൂട് ഭാഗത്ത് കള്ള നോട്ടുകൾ വിതരണം നടത്തുന്നതെന്നും ക്ലീറ്റസ് പറഞ്ഞു. 

തുടർന്ന് പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ലീറ്റസിനെയും രഞ്ജിത്തിനേയും കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ശ്യാം ആറ്റിങ്ങൽ എന്നറിയപ്പെടുന്ന ആളാണ് ഈ കള്ള നോട്ടുകൾ എത്തിച്ച് തരുന്നതെന്നും എവിടെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് അറിയില്ല എന്നും പറഞ്ഞു. പ്രതികളുടെ മൊബൈലിൽ കള്ള നോട്ടുകൾ നിർമ്മിക്കുന്ന വീഡിയോകൾ ഉണ്ടായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ശ്യാം ആറ്റിങ്ങൽ എന്ന പ്രതിയെ കഴിഞ്ഞ ദിവസം ശാസ്താംകോട്ട നിന്നും സി. ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മൈസൂറിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ കൈയ്യിൽ നിന്നും കാറിൽ നിന്നും 2000, 500, 200 രൂപയുടെ നാലു ലക്ഷം രൂപയുടെ കള്ള നോട്ടുകൾ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിൽ നിന്നുമാണ് കൂടുതൽ നോട്ടുകൾ കണ്ടെത്തിയത്. ശ്യാം അറ്റിങ്ങൽ എന്നത് കള്ളപ്പേരാണെന്നും ഷംനാദ് എന്നാണെന്നും മനസിലാക്കിയ പൊലീസ് തിരുവനന്തപുരം കാരക്കാമണ്ഡപത്തുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ് ടോപ്പ്, പ്രിന്റർ, സ്കാനർ, ലാമിനേറ്റർ, നോട്ടുകൾ മുറിക്കുന്നതിനുള്ള കത്തികൾ, ഗ്ലാസ്സ്, മുറിക്കുന്നതിനു വേണ്ടി ഉണക്കി സൂക്ഷിച്ച നിലയിലുള്ള 2000, 500, 200 എന്നീ നോട്ടുകളുടെ പ്രിന്റുകൾ, നോട്ടുകൾ ഒട്ടിക്കുന്നതിനുള്ള പ്രത്യേകം തയ്യാറാക്കിയ പശ എന്നിവ കണ്ടെത്തി. 

ലാപ്പ് ടോപ്പിൽ 2000, 500, 200 എന്നീ കറൻസികളുടെ വിവിധ ഫോൾഡറുകൾ തയ്യാറാക്കി പ്രിന്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ സേവ് ചെയ്ത നിലയിലായിരുന്നു. തുടർച്ചയായ നമ്പരുകളിൽ പ്രിന്റ് ചെയ്ത ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകാത്ത നിലയിലാണ് നോട്ടിന്റെ നിർമാണം. ഷംനാദിന്റെ വീട്ടിൽ നിന്നും 25000 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. തുടർന്ന് നോട്ട് അടിച്ചിറക്കാനുള്ള ടെക്നിക്കൽ സപ്പോർട്ട് കൊടുത്ത ശ്യാമിനെ വാളകത്തു നിന്നും അറസ്റ്റ് ചെയ്തു. ശ്യാമിന്റെ കൈവശം നിന്നും 500 രൂപയുടെ കള്ള നോട്ടുകൾ കണ്ടെടുത്തു. ശ്യാമിനെ ദിവസക്കൂലിക്ക് ആയിരുന്നു ഷംനാദ് ഉപയോഗിച്ചിരുന്നത്. 

ഒരു ദിവസം 5000 രൂപ മുതൽ 10000 രൂപ വരെ കൂലി നൽകുമായിരുന്നു. ഒരു ദിവസം ഒരു ലക്ഷം രൂപ വരെയുള്ള നോട്ടുകൾ ഷംനാദ് പ്രിന്റ് ചെയ്ത് ഇറക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്യാം ലാപ് ടോപ്പിൽ സെറ്റ് ചെയ്തു കൊടുക്കുന്നതനുസരിച്ച് ഷംനാദ് ലക്ഷക്കണക്കിനു രൂപ കള്ള നോട്ട് അടിച്ചിറക്കുകയും അത് ക്ലീറ്റസിനു കൈമാറുകയും, തുടർന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായി ക്ലീറ്റസ് രഞ്ജിത്തിനെ ഏൽപ്പിക്കുകയും ചെയ്യും. രഞ്ജിത്ത് ഇത് ലേഖ വഴി ചാരുംമൂടുള്ള വിവിധ കടകളിലായി ലക്ഷകണക്കിന് രൂപ വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

20,000 രൂപയുടെ യഥാർത്ഥ നോട്ടുകൾ വാങ്ങിയാണ് ഷംനാദ് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ നൽകിയിരുന്നത്. ക്ലീറ്റസായിരുന്നു നോട്ടുകൾ വിതരണം ചെയ്യുന്ന പ്രധാന ഏജന്റായി പ്രവർത്തിച്ചിരുന്നത്. ഷംനാദ് കടുവ, കാപ്പ തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും പോലീസുകാരനായിട്ടും ജയിൽ പുള്ളി ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ക്ലീറ്റസ്. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിൽ അടിപിടി, വീട് കയറി അതിക്രമം, പട്ടിക ജാതി പീഡനം, പൊലീസ് സ്റ്റേഷൻ ആക്രമണം എന്നീ കേസുകൾ നിലവിലുണ്ട്. 

പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കൃഷി വകുപ്പ് വനിത എഞ്ജിനീയറെ അസഭ്യ വർഷം നടത്തിയതിനും കേസ് നിലവിലുണ്ട്. ഷംനാദിനു ഒൻപതാം ക്ലാസ്സ് വിദ്യാഭ്യാസവും ശ്യാമിനു പത്താം ക്ലാസ് വിദ്യാഭ്യാസവും ആണ് ഉള്ളത്. ആയൂരുള്ള ഒരു പ്രിന്റിങ് പ്രസ്സിൽ ജോലി നോക്കിയിട്ടുള്ള ശ്യാം അവിടെ നിന്നും പഠിച്ചെടുത്ത ഡിസൈനിങ് ചെയ്യാനുള്ള കഴിവാണ് കള്ളനോട്ട് നിർമാണത്തിലേക്ക് വഴി തിരിച്ചു വിട്ടത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇവർക്ക് പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമാണ് കള്ള നോട്ട് നിർമാണത്തിലേക്ക് നയിച്ചത്.

 കഴിഞ്ഞ രണ്ടര വർഷങ്ങളായി കോടികണക്കിന് രൂപയുടെ കള്ളനോട്ടുകൾ പ്രിന്റു  ചെയ്തതായി ഷംനാദ് സമ്മതിച്ചിട്ടുണ്ട്. ഈ നോട്ടുകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത കള്ള നോട്ടുകൾ എല്ലാം ഹൈ ക്വാളിറ്റി കൗണ്ടർഫിറ്റ് കറൻസികൾ ആണോ എന്ന് പരിശോധന നടത്തുന്നതിന് തിരുവനന്തപുരം സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും, ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന സംഭവമായതിനാൽ എൻ. ഐ. എ അടക്കമുള്ള ഏജൻസികൾ അന്വേഷണത്തിൽ എത്താൻ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു.

Read more:  പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന, കൊച്ചിയിൽ വിദ്യാർഥിനിയടക്കം മൂന്ന് പേർ അറസ്റ്റിൽ

പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി ഐ, പി ശ്രീജിത്ത്, എസ് ഐ നിതീഷ്, ജൂനിയർ എസ് ഐ ദീപു പിള്ള, എസ് ഐ, കെ ആർ.രാജീവ്, എസ് ഐ രാജേന്ദ്രൻ, എ എസ് ഐ പുഷ്പശോഭനൻ, എ എസ്.ഐ ബിന്ദുരാജ്, സി പി ഒ മാരായ പ്രവീൺ, രഞ്ജിത്ത്, അരുൺ, വിഷ്ണു, ബിജു, കൃഷ്ണകുമാർ, പ്രസന്ന, ശ്രീകല എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു