
തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെതിരേ രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷനും സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസും ബോംബുവച്ച് തകര്‍ക്കുമെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും കമ്മിഷണര്‍ ഓഫീസിലേക്കും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ടും വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ബിഎന്‍എസ് നിയമപ്രകാരം ചാര്‍ജ് ചെയ്തത്.
തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ സംഘാംഗങ്ങളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യത്താലായിരുന്നു ബോംബു ഭീഷണി. കോടതിയുടെ ഉത്തരവോടുകൂടി അന്വേഷണ ചുമതലയുള്ള അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സാജന്‍ താമസിക്കുന്ന പാണഞ്ചേരി കന്നാലിച്ചാല്‍ ദേശത്തെ സാജന്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡു നടത്തിയെങ്കിലും പിടികൂടാനായില്ല.
തുടര്‍ന്ന് കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും സാജനും കൂട്ടാളികള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. അന്വേഷണ സംഘത്തില്‍ പീച്ചി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ., സബ് ഇന്‍സ്‌പെക്ടര്‍മാര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ഗുണ്ടകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍
ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലിസും ഷാഡോ പോലീസുമാണ് അന്വേഷണം നടത്തുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. രണ്ട് കൊലപാതക ശ്രമം ഉള്‍പ്പെടെ 14 കേസുകളാണ് തീക്കാറ്റ് സാജനെതിരെയുള്ളത്.
പ്ലസ് ടു വരെ പഠിച്ചിട്ടുള്ള ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സാജന് ഒട്ടേറെ ഫോളോവേഴ്‌സുമുണ്ട്. ഞായറാഴ്ച നടത്താന്‍ തീരുമാനിച്ച പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഏറെയും ഇത്തരത്തിലുളളവരാണ്. ഗുണ്ടാസംഘത്തില്‍പ്പെട്ടവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്താലാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.
24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാജൻ എന്ന് പൊലീസ് പറഞ്ഞു. ഗുണ്ടയാവുക എന്നതായിരുന്നു സാജന്റെ ജീവിതാഭിലാഷം. ക്രിമിനൽ കേസുകളിൽ നിരന്തരം ഉൾപ്പെട്ടതോടെ അറിയപ്പെട്ടുതുടങ്ങി. അങ്ങനെ തീക്കാറ്റ് സാജനെന്ന പേരും വീണു. തൃശൂർ പുത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൂത്തമകനായ സാജൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam