
മലപ്പുറം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. നിലമ്പൂര്‍ കോടതിപ്പടിയിലാണ് സംഭവം. റോസ് ഇന്റര്‍നാഷനല്‍ ബാറിന് സമീപത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് ദുരൂഹ സാഹചര്യത്തില്‍ കത്തിയത്. രാത്രി പതിനൊന്നോടെ ബാറില്‍ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേര്‍ വീടിന് മുന്നില്‍ ബഹളമുണ്ടാക്കുകയും വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവരും വീട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് കാര്‍ കത്തിയത്. ബുള്ളറ്റില്‍ വന്ന മൂന്ന് മുഖംമൂടിധാരികള്‍ കാര്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ നിന്ന് ലഭിച്ചിരുന്നു. കോടതിപ്പടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ബോട്ടിലില്‍ പെട്രോള്‍ വാങ്ങിയാണ് കാര്‍ കത്തിക്കാന്‍ എത്തിയത്. വീടിന് മുന്നില്‍ മൂന്ന് കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഗേറ്റ് തുറന്ന് വീട്ടുമുറ്റത്തെത്തിയ സംഘം ഒരു കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടു വന്ന പെട്രോള്‍ മറ്റു രണ്ടു കാറുകള്‍ക്ക് മുകളിലേക്ക് എറിഞ്ഞ് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഒരു കാര്‍ ആളിക്കത്തിയതോടെ പരിഭ്രാന്തരായ സംഘം ഗേറ്റടച്ച് രക്ഷപ്പെട്ടു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കണ്ടത്. ഉടന്‍ തീയണച്ചു. പെട്രോള്‍ കൊണ്ടുവന്നു എന്ന് കരുതുന്ന കവറുകളും മറ്റ് തെളിവുകളും ഫോറൻസിക് സംഘം ശേഖരിച്ചു.