
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പതിനൊന്നോളം വാഹനമോഷണ കേസുകളിലെ പ്രതികളായ സ്‌കൂൾ വിദ്യാർഥികള്‍ പൊലീസ് പിടിയിൽ. കുട്ടി കള്ളന്മാർ പിടിയിലായത് കുറച്ചു ദിവസമായി നടന്നുവരുന്ന സിറ്റി പോലീസിന്റെ സ്‌പെഷ്യൽ പോലീസ് പട്രോളിംഗ് ആൻഡ് വെഹിക്കിൾ ചെക്കിങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്.
തമ്പാനൂർ ആർ.എം.എസ്സിന്റെ ഭാഗത്ത് കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ യാത്രചെയ്ത മൂവർസംഘം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിറുത്താതെ സംഘം കടന്നു. സംശയം തോന്നിയ തമ്പാനൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ബൈക്കിനെ പിന്തുടർന്ന് പിടികൂടി നടത്തിയ പരിശിധനയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ വ്യാജമാണെന്നും അത് ഒരു ഓട്ടോറിക്ഷയുടെ ആണെന്നും പോലീസ് കണ്ടെത്തി.
വിശദമായ പരിശിധനയിൽ വാഹനം മൂവരും ആനയറയിൽ നിന്ന് മോഷ്ടിച്ചത് ആണെന്ന് പോലീസ് കണ്ടെത്തി. പ്രായപൂർത്തി ആകാത്തതിനാൽ മൂവരെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ ശ്രീകാര്യം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ 2 വീതവും വട്ടപ്പാറ, പേരൂർക്കട പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും നിലവിലുള്ളതായി തമ്പാനൂർ എസ്.ഐ വി എം ശ്രീകുമാർ അറിയിച്ചു.
ജുവനൈൽ കോടതിയിൽ ഹാജരാക്കിയ മൂവർ സംഘത്തിലെ രണ്ടുപേരെ മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ദുർഗുണപരിഹാര പാഠശാലയിലേക്കും ആദ്യമായി കൃത്യത്തിൽ പങ്കെടുത്ത മൂന്നാമനെ താകീത് ചെയ്ത് അമ്മയോടൊപ്പവും വിട്ടയച്ചു. മൂവരും നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥികളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam