ഉച്ചഭക്ഷണം ഒരുമിച്ച്, ഒരാൾ മാത്രം വെള്ളായണി കായലിൽ ഇറങ്ങിയില്ല, ഉറ്റ കൂട്ടുകാരുടെ മരണം, നടുക്കം മാറാതെ സൂരജ്

Published : Jan 27, 2024, 12:25 AM IST
ഉച്ചഭക്ഷണം ഒരുമിച്ച്, ഒരാൾ മാത്രം വെള്ളായണി കായലിൽ ഇറങ്ങിയില്ല, ഉറ്റ കൂട്ടുകാരുടെ മരണം, നടുക്കം മാറാതെ സൂരജ്

Synopsis

സുഹൃത്തുക്കളിൽ ഒരാൾ പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധി ദിവസം വവ്വാമൂലയിൽ എത്തിയത് എന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: അവധി ദിനത്തിൽ സുഹൃത്തുകൾക്ക് ഒപ്പം ഭക്ഷണം കഴിച്ച ശേഷം വെള്ളായണി കായലിനടുത്തുള്ള വവ്വാമൂലയിൽ എത്തിയതായിരുന്നു സൂരജ്. അവധി ആഘോഷിക്കാനെത്തുമ്പോൾ അത് തീരാ ദുഖത്തിലേക്കുള്ള പോക്കാണെന്ന് സൂരജ് അറിഞ്ഞിരുന്നില്ല. വെള്ളായണി കായലിന്റെ ആഴങ്ങളിൽ പ്രിയപ്പട്ട മൂന്ന് കൂട്ടുകാരുടെ ജീവൻ തന്‍റെ കൺമുന്നിൽ പൊലിഞ്ഞതിന്‍റെ  ഞെട്ടൽ സൂരജിനെ ഇതുവരെ വിട്ടുമാറിയിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം വവ്വാമൂലയിൽ ആണ് നാടിനെ നടുക്കിയ അപകടം. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളും സൂരജിന്‍റെ ഉറ്റ സുഹൃത്തുക്കളുമായ വിഴിഞ്ഞം കടയ്ക്കുളം വാറുതട്ട് വിള വീട്ടിൽ ലാസറിന്‍റെ മകൻ ലിബിനോ. എൽ (20), മണക്കാട് കുര്യാത്തി എൻ.എസ്.എസ് കരയോഗം ARWA 120ൽ സുരേഷ് കുമാറിന്‍റെ മകൻ മുകുന്ദൻ ഉണ്ണി(20), വെട്ടുകാട് തൈവിളകം ഹൗസിൽ ഫ്രാൻസിന്റെ മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് പൊഴിയൂർ ഇടച്ചിറ കരുണാഭവനിൽ സൂരജ് ആണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.

സുഹൃത്തുക്കളിൽ ഒരാൾ പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധി ദിവസം വവ്വാമൂലയിൽ എത്തിയത് എന്ന് പൊലീസ് പറയുന്നു. തുടർന്ന് മൂന്നുപേരും കായലിൽ കുളിക്കാൻ ഇറങ്ങി. ഈ സമയം സൂരജ് കരയിൽ നിൽക്കുകയായിരുന്നു. കുളിക്കുന്നതിനിടയിൽ മൂന്നംഗ സംഘം കായലിലെ ചാലിൽ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം. മൂവരും വെള്ളത്തിൽ മുങ്ങിയത് കണ്ട് ഭയന്ന സൂരജ് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് വാഹനം വരുന്നത് കണ്ടാണ് സമീപവാസികൾ  സ്ഥലത്തെത്തുന്നത്.

വിഴിഞ്ഞത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ചെറിയ വള്ളത്തിൽ  നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൂവരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി മരിച്ചവരുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More : 'ജർമ്മനാ', അളവ് കൃത്യം! മദ്യപിച്ച് പൊലീസ് പൊക്കാതിരിക്കാൻ പുതിയ മെഷീൻ, ബാർ മുതലാളിയുടെ 'കരുതൽ' വൈറലായി

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ