
തിരുവനന്തപുരം:പുല്ലുവിളയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടിന്റെ ടെറസിൽ നിന്നും കാൽ വഴുതി മുത്തച്ഛനോടൊപ്പം താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മൂന്ന് വയസുകാരിയും മരണപ്പെട്ടു. പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഓസ്റ്റിന്റെയും റോസിയുടെയും മകൾ എൽ വീനറോസീന ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
എൽവീനയുടെ മുത്തച്ഛൻ ആന്റണി പീത്തിയൂസ് (57) അപകടം നട ന്ന ദിവസമായ വെള്ളിയാഴ്ച തന്നെ മരണമടഞ്ഞിരുന്നു. മുത്തച്ഛനൊപ്പം വീടിൻറെ ടെറസിൽ കളിക്കുകയായിരുന്ന എൽവീന താഴെ വീഴാൻ തുടങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തലകീഴായി സെപ്റ്റിക് ടാങ്കിന്റെ സ്ലബിനു മുകളിൽ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ആന്റണിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരിച്ചത്. മുത്തച്ഛനൊപ്പം താഴേക്ക് വീണ് തലക്ക് ഗുരുതര പരിക്കേറ്റ എൽവീനയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം പുല്ലുവിള സെന്റ് ജേക്കബ്സ് ഫെറോനാ ദേവാലയ സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മോൺ. ടി. നിക്കോളസ്, ഫാ. ജോർജ് ഗോമസ്, ഫാ. ആന്റണി സിൽവസ്റ്റർ എന്നിവരുടെ കാർമ്മികത്വത്തിൽ സംസ്ക്കരിച്ചു.
സീനാമ്മയാണ് ആന്റണിയുടെ ഭാര്യ. റോയി, റോബിൻ, റോസി എന്നിവർ മക്കളാണ്. ഇതിൽ റോസിയുടെ മകളാണ് മരണമടഞ്ഞ എൽവീന വിദേശത്തായിരുന്ന ഓസ്റ്റിൻ മകളുടെ വിയോഗ വാർത്തയറിഞ്ഞു നാട്ടിലെത്തി. അഞ്ച് വയസുകാരൻ ഏദൻ എൽവീനയുടെ ഏക സഹോദരനാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam