
പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ പമ്പയാറ്റിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. സഹോദരങ്ങളായ മെറിനും മെഫിനും ആണ് മരിച്ചത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട എബിന് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്.
വൈകിട്ട് നാല് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എട്ട് പേരാണ് മാരാമൻ കൺവെൻഷൻ കഴിഞ്ഞ് മടങ്ങും വഴി പരപ്പുഴക്കടവിനടുത്ത് കുളിക്കാൻ ഇറങ്ങിയത്. ഏറെ സമയം വെള്ളത്തിൽ ചെലവഴിച്ചതിനുശേഷം തിരിച്ചു കയറും വഴിയാണ് സംഘത്തിൽ ഉണ്ടായിരുന്ന എബിൻ ആഴമുള്ള കയത്തിലേക്ക് വീണത്. എബിൻ വീഴുന്നത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയതാണ് മെറിനും മെഫിനും. ശക്തമായ അടിയൊഴുക്കുള്ളതിനാൽ മൂന്ന് പേർക്കും നിയന്ത്രണം കിട്ടിയില്ല. ഒപ്പം ഉണ്ടായിരുന്ന ബാക്കിയുള്ളവർ കരക്കെത്തി ബഹളം വെച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്.
തുടർന്ന് നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും എത്തി തെരച്ചിൽ തുടങ്ങി. മുങ്ങൽ വിദഗ്ദരാണ് മെറിന്റെയും മെഫിന്റെയും മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങളായ ഇരുവരുടെയും മൃതദേഹങ്ങൾ ഒരു സ്ഥലത്ത് നിന്നാണ് കിട്ടിയത്. അപകട സാധ്യതയുള്ള കടവിലേക്ക് ഇറങ്ങരുതെന്ന് നാട്ടുകാർ ചിലർ യുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആറന്മുള പൊലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നാളെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam