
തിരുവനന്തപുരം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ പനയറകുന്ന് ഇടുവ റോഡില്‍ മേലെ പൊന്നറത്തല ആനന്ദ് നിവാസില്‍ ആദിത്യന്‍ (18), കോട്ടുകാല്‍ പുത്തളം പമ്പ് ഹൗസിന് സമീപം കുഴിവിളക്കോണം കോളനിയില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സൂരജ് (21), കോട്ടുകാല്‍ പുന്നക്കുളം വളലുനട മേക്കതില്‍ മേലെ പുത്തന്‍ വീട്ടില്‍ താമസിക്കുന്ന മണികണ്ഠന്‍ എന്നു വിളിക്കുന്ന വിഷ്ണു (18) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി മോഷണ വാഹനങ്ങളില്‍ വാഴാമുട്ടത്തെ ഫ്രൂട്ട്‌സ് കടയില്‍ നിന്നും ഫ്രൂട്ട്‌സ് മോഷ്ടിക്കാനെത്തിയ പ്രതികളെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പിടികൂടുകയും കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിരവധി വാഹനങ്ങള്‍ ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നായി മോഷണം ചെയതതായി തെളിഞ്ഞു. മോഷ്ടിച്ച വാഹനങ്ങളിലെ എന്‍ജിനുകള്‍ മാറ്റി മറ്റ് ബൈക്കുകളില്‍ വച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പിടിക്കപ്പെടുമെന്ന കാണുമ്പോള്‍ മോഷണ വാഹനങ്ങള്‍ പല സ്ഥലങ്ങളിലും ഉപേക്ഷിച്ചുപോകുകയാണ് ഇവരുടെ രീതി.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച അഞ്ച് വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോവളം ഇന്‍സ്‌പെക്ടര്‍ രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗംഗാ പ്രസാദ്, റ്റി.സി ഷാജി, എ.എസ്.ഐ സന്തോഷ്, ശ്രീകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജു, ബിജേഷ്, ഷൈജു, രാജേഷ് ബാബു, പ്രമോദ്, ശ്യാംകൃഷ്ണ, സന്തോഷ്, ഷിജിന്‍, അരുണ്‍ നാഥ്, ലജീവ്, ശ്രീകാന്ത്, അരുണ്‍, രഞ്ചിത്ത്, സുജിന്‍, നൂറുള്‍ അമീന്‍, ഹോംഗാര്‍ഡ് ജിനില്‍ ജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam