ഇടുക്കിയിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40000 രൂപ നഷ്ടമായി, പരാതിയുമായി അധ്യാപകൻ

By Web TeamFirst Published Jun 6, 2021, 9:33 AM IST
Highlights

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ക്രഡിറ്റ് കാര്‍ഡ് എടുക്കന്നതുമായി ബന്ധപെട്ട്, തൂക്കുപാലം ശാഖയില്‍ എത്തി ഷിബു അപേക്ഷ സമര്‍പ്പിച്ചിരുന്നു...

ഇടുക്കി: ഇടുക്കി മുണ്ടിയെരുമ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതായി പരാതി. നാല്‍പ്പതിനായിരം രൂപയാണ് ഉടമ അറിയാതെ പിന്‍വലിയ്ക്കപെട്ടത്. ഇടപാട് സംബന്ധിച്ച മെസേജും ലഭ്യമായില്ല. അധ്യാപകനായ  ഷിബുവിന്റെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. 

എസ്ബിഐയുടെ തൂക്കുപാലം ശാഖയിലാണ് ഷിബുവിന് അക്കൗണ്ട് ഉള്ളത്. സാലറി അടക്കമുള്ള പണമിടപാടുകള്‍ ഷിബു നടത്തുന്നത് ഈ അക്കൗണ്ട് വഴിയാണ്. കഴിഞ്ഞ മാസം 27ന് അക്കൗണ്ടില്‍ നിന്ന് നാല് തവണയായി നാല്‍പതിനായിരം രൂപ പില്‍വലിയ്ക്കപെടുകയായിരുന്നു. ഇടപാട് സംബന്ധിയ്ക്കുന്ന മെസേജും ലഭിച്ചില്ല. അടുത്ത ദിവസം ഒരു ഇടപാടുമായി ബന്ധപെട്ട്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ബാലന്‍സ് പരിശോധിച്ചപ്പോഴാണ് തുക നഷ്ടമായ വിവരം അറിയുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ക്രഡിറ്റ് കാര്‍ഡ് എടുക്കന്നതുമായി ബന്ധപെട്ട്, തൂക്കുപാലം ശാഖയില്‍ എത്തി ഷിബു അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് നിരവധി തവണ, ഷിബുവിന് ഫോണ്‍ വിളികള്‍ എത്തിയിരുന്നു. ഇവര്‍ പല വിവരങ്ങളും തിരക്കി. സ്വകാര്യ ഏജന്‍സി മുഖേനയാണെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് വേണ്ടെന്ന് ഷിബു അറിയിച്ചിരുന്നു. 

ഇവര്‍ മുഖേനയാണോ എടിഎം വിവരങ്ങള്‍ ചോര്‍ന്നതെന്ന് സംശയമുള്ളതായും അക്കൗണ്ട് ഉടമ പറഞ്ഞു. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപെട്ടത് സംബന്ധിച്ച് ബാങ്കിലും നെടുങ്കണ്ടം പൊലീസിലും ഷിബു പരാതി നല്‍കി. പണം നഷ്ടമായത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നടപടി സ്വീകരിച്ചെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
 

click me!